തിരുവനന്തപുരം: മസ്‌കറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിനുമുന്നിൽ പ്രതിഷേധിച്ച് കുടുംബവും നാട്ടുകാരും. വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് രാജേഷിന്റെ മൃതദേഹം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിൽ എത്തിയത്.
ഇവിടെനിന്ന് മൃതദേഹം കൈപ്പറ്റിയ കുടുംബം ഈഞ്ചയ്ക്കലിലെ എയർ ഇന്ത്യയുടെ ഓഫീസിന് മുന്നിലെത്തിയാണ് പ്രതിഷേധം നടത്തിയത്.രാജേഷിന്റെ ഭാര്യ അമൃതയുടെ കുടുംബാംഗങ്ങളും നാട്ടുകാരായ കരമന നെടുങ്കാട് സ്വദേശികളുമാണ് സമരവുമായി രംഗത്തെത്തിയത്.
മസ്‌കറ്റിൽ വെച്ച് ഹൃദയാഘാതം സംഭവിച്ച് ആശുപത്രിയിൽ ഹൃദ്രോഗ അത്യാഹിത വിഭാഗത്തിൽ കഴിയുകയായിരുന്ന ഭർത്താവിനെ കാണാൻ ഈ മാസം എട്ടിനായിരുന്നു കരമന നെടുങ്കാട് സ്വദേശിനി അമൃത സി രവി പുറപ്പെട്ടത്. പുലർച്ചെ അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് വിമാനം റദ്ദാക്കിയത് അറിയുന്നത്. രാവിലെ 8.30-നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്.
രാജേഷിന് ഹൃദയാഘാതം ഉണ്ടായെന്ന് അറിഞ്ഞപ്പോൾ മുതൽ വിവിധ ട്രാവൽ ഏജൻസികളിലൂടെ ടിക്കറ്റിനായി ശ്രമിച്ചശേഷമാണ് എയർ ഇന്ത്യ എക്സ്പ്രസിൽ ടിക്കറ്റ് ലഭിച്ചത്. എന്നാൽ വിമാനം റദ്ദാക്കിയതോടെ അമൃതയുടെ യാത്ര മുടങ്ങി. ഗുരുതരാവസ്ഥയിൽ കഴിഞ്ഞ ഭർത്താവിനെ കാണാൻകഴിയാതെ വിങ്ങിപ്പൊട്ടിയ അമൃതയെ ആശ്വസിപ്പിക്കാനാവാതെ വിമാനത്താവളത്തിൽ എത്തിയ ബന്ധുക്കൾ നിസ്സഹായരായി.
അന്ന് ഭർത്താവിന് അരികിലേക്ക് പോകണമെന്ന് തൊണ്ടയിടറി പറയുന്ന അമൃതയുടെ ദൃശ്യങ്ങൾ പുറത്തെത്തിയത് വലിയ വേദനയുണ്ടാക്കിയിരുന്നു. ഏഴാം തീയതി ആണ് ഹൃദയാഘാതത്തെ തുടർന്ന് രാജേഷിനെ സുഹൃത്തുക്കൾ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി. ആശുപത്രിയിൽനിന്ന് ശനിയാഴ്ച ഫ്ളാറ്റിലെത്തിയ നമ്പി രാജേഷിന് സുഹൃത്തുക്കളാണ് കൂട്ടിനുണ്ടായിരുന്നത്.
തുടർചികിത്സയ്ക്കും വിശ്രമത്തിനുമായി നാട്ടിലേക്കുള്ള യാത്രയ്ക്കുള്ള തയ്യാറെടുപ്പിനിടെയായിരുന്നു മരണമെത്തിയത്. മരണസമയത്ത് നമ്പി രാജേഷ് ഫ്ളാറ്റിൽ ഒറ്റയ്ക്കായിരുന്നു. അമൃതയ്ക്ക് സമയത്ത് മസ്‌കറ്റിൽ എത്താനായിരുന്നെങ്കിൽ രാജേഷ് ഫ്ലാറ്റിൽ ഒറ്റയ്ക്കാവില്ലായിരുന്നുവെന്നും കൃത്യമായ പരിചരണവും പ്രിയപ്പെട്ടവരുടെ സാന്നിധ്യവും ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു അത്യാഹിതം സംഭവിക്കില്ലായിരുന്നെന്നും അമൃതയുടെ ബന്ധുക്കൾ പറയുന്നു.
ഭർത്താവിന്റെ അടുത്തേക്ക് പോകാനുള്ള അമൃത ശ്രമങ്ങൾ പരാജയപ്പെടാൻ കാരണമായിട്ടും മരണവാർത്ത അറിഞ്ഞിട്ടുപോലും എന്തുകൊണ്ടാണ് എയർ ഇന്ത്യ രാജേഷിന്റെ കുടുംബത്തെ ബന്ധപ്പെടാനോ ബന്ധുക്കളെ ആശ്വസിപ്പിക്കാനോ തയ്യാറാകാഞ്ഞത് എന്നതിന് മരുപടി തരണമെന്നാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം.