മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷയാണ് പ്രധാനം: 2006ലെ അവസ്ഥയായിരിക്കില്ല 2021ല്‍; സുപ്രിംകോടതി

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ പ്രധാനവിഷയമെന്ന് സുപ്രീംകോടതി. അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് നിലനിര്‍ത്താന്‍ സുപ്രിംകോടതി നിര്‍ദേശിച്ചു. നിലവില്‍ ജലനിരപ്പ് 137.60 അടിയാണ്. സുരക്ഷയുടെ കാര്യത്തില്‍ 2006ല്‍ നിന്ന് ഒരുപാടുകാര്യങ്ങള്‍ 2021ല്‍ മാറിയിട്ടുണ്ടാകുമെന്ന് പറഞ്ഞ കോടതി നിലവില്‍ ആശങ്കപ്പടേണ്ടെന്നും ചൂണ്ടിക്കാട്ടി.

മേല്‍നോട്ട സമിതിയുടെ തീരുമാനത്തില്‍ കേരളം നാളെ സത്യവാങ്മൂലം സമര്‍പ്പിക്കും. ജലനിരപ്പില്‍ മാറ്റം വരുത്തേണ്ടെന്ന സമിതിയുടെ നിര്‍ദേശത്തിന് കേരളം മറുപടി നല്‍കാന്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം നാളെ ഉച്ചയ്ക്ക് രണ്ടുമണിക്ക് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എഎന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് പൊതുതാത്പര്യ ഹര്‍ജികള്‍ പരിഗണിച്ചത്.

അണക്കെട്ടിന്റെ സ്ഥിരത എങ്ങനെയാണ് നിലവിലെന്ന് സുപ്രിംകോടതി ചോദിച്ചു. ഒരു ജീവന്‍ പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അണക്കെട്ട് ബലപ്പെടുത്തുക എന്ന നിലപാട് അംഗീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് കേരളം ആവര്‍ത്തിച്ചു. സ്ഥിരതയുമായി ബന്ധപ്പെട്ട് വലിയ ആശങ്കയുണ്ട്.

ഈ സാഹചര്യത്തില്‍ പുതിയ അണക്കെട്ട് എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവച്ചത്. വിശദാംശങ്ങള്‍ അടങ്ങിയ മൂന്ന് പേജുള്ള നോട്ട് കൈമാറാമെന്നും കോടതിക്ക് പരിശോധിക്കാമെന്നും കേരളം വ്യക്തമാക്കി. കനത്ത മഴയില്‍ 142 അടി ജലനിരപ്പ് അപകടകരമാണ്. 139 അടിയാക്കിയാല്‍ അപകട സാധ്യത കുറയും.

മേല്‍നോട്ട സമിതിയുടെ നിലപാടിനെതിരെ ശക്തമായി നിന്ന കേരളം, സമിതി കൃത്യമായി കാര്യങ്ങള്‍ വിലയിരുത്തിയല്ല തീരുമാനങ്ങള്‍ അറിയിക്കുന്നതെന്ന ആക്ഷേപമാണുന്നയിക്കുന്നത്. മേല്‍നോട്ടസമിതി ഉന്നയിച്ച പല കാര്യങ്ങളിലും ശാസ്ത്രീയ അടിത്തറയില്ലെന്ന് കേരളം ആരോപിച്ചു. മുല്ലപ്പെരിയാര്‍ അണക്കെട്ട് പ്രളയത്തിന് കാരണമാകുന്നെന്നും ഒരു പരിധിക്കപ്പുറം വെള്ളമൊഴുക്കിയാല്‍ പ്രളയം ഉണ്ടാകുമെന്നും കോടതിയെ അറിയിച്ചു.

ജലനിരപ്പ് 138 അടിയായാല്‍ സ്പില്‍വേ തുറക്കാമെന്നാണ് തമിഴ്‌നാടിന്റെ നിലപാട്. രണ്ട് പൊതുതാല്‍പര്യഹര്‍ജികളാണ് കോടതി ഇന്ന് പരിഗണിച്ചത്. അണക്കെട്ടിന്റെ ബലപ്പെടുത്തല്‍ നടപടികളില്‍ തമിഴ്‌നാട് വീഴ്ച വരുത്തിയെന്നും, കരാര്‍ ലംഘനമുണ്ടായതായി കണക്കാക്കി പാട്ടക്കരാര്‍ റദ്ദാക്കണമെന്നുമാണ് സുരക്ഷ പബ്ലിക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജി. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷ വിലയിരുത്താന്‍ രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടുന്നുവെന്ന് ആരോപിച്ചാണ് മറ്റൊരു ഹര്‍ജി.

Exit mobile version