സുപ്രീംകോടതി വിലക്കിയിട്ടും പരസ്യം പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല; അബദ്ധമെന്ന് പതഞ്ജലി; സുപ്രീംകോടതിയിൽ മാപ്പപേക്ഷ

ന്യൂഡൽഹി: സുപ്രീം കോടതി വിലക്ക് ഏർപ്പെടുത്തിയിട്ടും ഉത്പന്നങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് പതഞ്ജലി ഗ്രൂപ്പ്. വിഷയത്തിൽ മാപ്പുപറഞ്ഞ് പതഞ്ജലി സുപ്രിംകോടതിയിൽ മാപ്പപേക്ഷ സത്യവാങ്മൂലം സമർപ്പിച്ചു.

സുപ്രിംകോടതി വിലക്കുണ്ടായിട്ടും പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ബോധപൂർവ്വമല്ല. അബദ്ധത്തിൽ സംഭവിച്ച വീഴ്ച മാപ്പാക്കണം എന്ന് അപേക്ഷിച്ച പതഞ്ജലി ഇനി വീഴ്ച ആവർത്തിയ്ക്കില്ലെന്നുമാണ് അറിയിച്ചിരിക്കുന്നത്.

കഴിഞ്ഞ ഫെബ്രുവരി 27നാണ് പതഞ്ജലി ആയുർവേദിന്റെ മരുന്നുകൾ പരസ്യം ചെയ്യുന്നതിന് വിലക്ക് ഏർപ്പെടുത്തി സുപ്രീം കോടതി ുത്തരവിട്ടത്. പരീക്ഷണാടിസ്ഥാനത്തിലുള്ള തെളിവുകളില്ലാതെ ചില രോഗങ്ങൾ ഭേദമാക്കുമെന്ന അവകാശവാദങ്ങൾ ഉന്നയിച്ച് രാജ്യത്തെ മുഴുവൻ തെറ്റിദ്ധരിപ്പിക്കുകയാണ് പതഞ്ജലി ചെയ്യുന്നതെന്ന് ജസ്റ്റിസുമാരായ ഹിമ കോഹ്ലിയും അഹ്സനുദ്ദീൻ അമാനുല്ലയും അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

ALSO READ- ‘കാക്കയുടെ നിറം; കാണുമ്പോൾ അരോചകം’; ആർഎൽവി രാമകൃഷ്ണന് നേരെ അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ; നിയമപോരാട്ടത്തിനെന്ന് ആർഎൽവി രാമകൃഷ്ണൻ

കോവിഡ് അടക്കമുള്ള രോഗങ്ങൾ ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന ഔഷധ ഉൽപ്പന്നങ്ങൾ പരസ്യം ചെയ്യുന്നതു വിലക്കിയ സുപ്രീം കോടതി, കോടതിക്കു നൽകിയ ഉറപ്പു ലംഘിച്ചതിന് പതഞ്ജലിക്കെതിരെ കോടതിയലക്ഷ്യ നടപടികൾക്കും തുടക്കമിട്ടിരുന്നു.


അന്ന് പതഞ്ജലിയുടെ സ്ഥാപകരായ ബാബ രാംദേവിനും ആചാര്യ ബാലകൃഷ്ണയ്ക്കുമാണ് കോടതിയലക്ഷ്യ നോട്ടീസ് അയച്ചത്. കൂടാതെ, നിയമവിരുദ്ധമായി പതഞ്ജലി പരസ്യം ചെയ്യുന്നതു തുടരുമ്പോൾ കേന്ദ്ര സർക്കാർ ഇനിയും കണ്ണടച്ചിരിക്കുകയാണോയെന്നും കോടതി ചോദ്യം ചെയ്തിരുന്നു.

Exit mobile version