ബെംഗളുരുവില്‍ ബഹുനില കെട്ടിടം തകര്‍ന്നു വീണു : രണ്ടാഴ്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ കെട്ടിടം

ബെംഗളുരു : ബെംഗളുരുവില്‍ ബാനസവാടിക്ക് സമീപം കസ്തൂരിനഗര്‍ ഡോക്ടേഴ്‌സ് ലേ ഔട്ടില്‍ ഇന്നലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റ് കെട്ടിടം തകര്‍ന്നു വീണു. താമസക്കാരെ നേരത്തേ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായമില്ല.

നഗരത്തില്‍ രണ്ടാഴ്ച്ചയ്ക്കിടെ തകരുന്ന മൂന്നാമത്തെ കെട്ടിടമാണിത്.ഉച്ചയ്ക്ക് 12.30ന് ശേഷം കെട്ടിടത്തില്‍ പൊട്ടലുകള്‍ രൂപപ്പെട്ടതോടെയാണ് താമസക്കാരെ ഒഴിപ്പിച്ചത്. പോലീസും അഗ്നിശമന സേനയും ചേര്‍ന്ന് ബാരിക്കേഡും മറ്റും കെട്ടി സുരക്ഷ ഉറപ്പാക്കിയിരുന്നു. വൈകിട്ടോടെയാണ് കെട്ടിടം പൂര്‍ണമായും തകര്‍ന്നത്. 5-6 വര്‍ഷം മാത്രം പഴക്കമുളള കെട്ടിടത്തില്‍ 8 ഫ്‌ളാറ്റുകളാണുണ്ടായിരുന്നത്. ഇതില്‍ 3 കുടുംബങ്ങള്‍ മാത്രമേ താമസിച്ചിരുന്നുള്ളൂ.

കെട്ടിടത്തിന്റെ മുകളില്‍ ചില നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി പ്രദേശവാസികള്‍ പോലീസിനോട് പറഞ്ഞു.കെട്ടിടം തകര്‍ന്നതിന്റെ കാരണം എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് വരികയാണ്. കഴിഞ്ഞയാഴ്ച ഡയറി സര്‍ക്കിളിലെ കര്‍ണാടക മില്‍ക്ക് ഫെഡറേഷന് കീഴിലുള്ള ബാംഗ്ലൂര്‍ മില്‍ക്ക് യൂണിയന്‍ (ബമൂല്‍) ക്വാര്‍ട്ടേഴ്‌സും ലക്കസന്ദ്രയില്‍ മെട്രോ നിര്‍മാണ തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന 3 നില കെട്ടിടവും തകര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു.

ഇതേത്തുടര്‍ന്ന് നഗരത്തിലെ കെട്ടിടങ്ങളുടെ ഉറപ്പിനെ കുറിച്ചുള്ള സര്‍വേ നടത്തുമെന്ന് ബിബിഎംപി അറിയിക്കുകയുണ്ടായി. ഇന്നലെ തകര്‍ന്ന കെട്ടിടം പൂര്‍ണമായും പൊളിച്ചുമാറ്റുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

Exit mobile version