ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും; വിരാട് കോഹ്‌ലി

മുംബൈ: ഐസിസി ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന് വിരാട് കോഹ്‌ലി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയിലും ഒമാനിലുമാണ് ലോകകപ്പ് നടക്കുക.

സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴിയാണ് കോഹ്‌ലി തീരുമാനം അറിയിച്ചത്. ടീമിനെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ ബാറ്റ്സ്മാനായും ക്യാപ്റ്റനെന്ന നിലയിലും ഏകദിന, ടെസ്റ്റ് ക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ടെന്ന് വിരാട് കോഹ്്‌ലി പറയുന്നു. ഈ സുപ്രധാന തീരുമാനത്തിലെത്തുന്നതിന് മുമ്പ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രിയുമായും രോഹിത്ത് ശര്‍മ്മയുമായും ദീര്‍ഘനേരം ചര്‍ച്ചകള്‍ നടത്തി.


”എന്റെ അടുത്ത സുഹൃത്തുക്കളായ രവി ഭായ്, രോഹിത് എന്നിവരുമായുള്ള ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം, ഒക്ടോബറില്‍ ദുബായില്‍ നടക്കുന്ന ടി 20 ലോകകപ്പിന് ശേഷം ഞാന്‍ ടി 20 ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ ഞാന്‍ തീരുമാനിച്ചു” ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെച്ച കുറിപ്പില്‍ വിരാട് കോഹ്‌ലി പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി, സെക്രട്ടറി ജയ് ഷാ, സെലക്ടര്‍മാര്‍ എന്നിവരുമായും ഇത് സംബന്ധിച്ച് തീരുമാനം എടുക്കുന്നതിന് മുമ്പ് ചര്‍ച്ചകള്‍ നടത്തിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Exit mobile version