അയോധ്യ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോഹ്‌ലിയും: അവധി അപേക്ഷ ബിസിസിഐ അംഗീകരിച്ചതായി റിപ്പോര്‍ട്ട്

മുംബൈ: അയോധ്യയിലെ പ്രാണ്‍ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും എത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. ജനുവരി 22ന് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനായി പരിശീലന ക്യാംപില്‍ നിന്ന് അവധി ആവശ്യപ്പെട്ടിരിക്കുകയാണ്. ബിസിസിഐ കോഹ്‌ലിയുടെ ആവശ്യം അംഗീകരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പായുള്ള പരിശീലന ക്യാംപിനായി ജനുവരി 20ന് ഹൈദരാബാദില്‍ എത്തണം എന്നാണ് ഇന്ത്യന്‍ ടീമിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. 20ന് കോഹ്‌ലി പരിശീലന ക്യാംപില്‍ ചേരും. 21ന് നെറ്റ്‌സില്‍ പരിശീലനം നടത്തിയതിന് ശേഷം കോഹ്‌ലി അയോധ്യയിലേക്ക് തിരിക്കും എന്നാണ് ക്രിക്ബസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കോഹ്‌ലിക്കും ഭാര്യ അനുഷ്‌ക ശര്‍മയ്ക്കും രാമപ്രതിഷ്ഠാ ചടങ്ങിലേക്ക് കഴിഞ്ഞ ദിവസം ക്ഷണം ലഭിച്ചിരുന്നു.

കോഹ്‌ലിയെ കൂടാതെ സച്ചിന്‍ ടെണ്ടുല്‍ക്കറിനും എംഎസ് ധോനിക്കും രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണമുണ്ട്. ഇന്ന് നടക്കുന്ന അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20ക്ക് ശേഷം ഇന്ത്യന്‍ താരങ്ങള്‍ക്ക് രണ്ട് ദിവസത്തെ വിശ്രമമാണ് ബിസിസിഐ അനുവദിച്ചിരിക്കുന്നത്. ജനുവരി 25നാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്.

Exit mobile version