സെഞ്ച്വറികളിൽ ഹാഫ് സെഞ്ച്വറി! ക്രിക്കറ്റ് ദൈവം സച്ചിന്റെ റെക്കോർഡ് തകർത്ത് കിങ് വിരാട് കോഹ്‌ലി

മുംബൈ: ഏകദിനക്രിക്കറ്റിൽ ഏറ്റവുമധികം സെഞ്ച്വറി നേടി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ പിന്നിലാക്കി വിരാട് കോഹ്‌ലി. സെഞ്ച്വറികളിൽ അർധസെഞ്ച്വറി നേടിയാണ് കോഹ്‌ലി സെമി ഫൈനലിൽ ചരിത്രമെഴുതിയത്. 49 സെഞ്ച്വറികളെന്ന സച്ചിന്റെ പേരിലുള്ള ഏറ്റവും വലിയ റെക്കോഡുകളൊന്ന് കൂടി കടപുഴക്കിയാണ് കിങ് ആണ് താനെന്ന് കോഹ്‌ലി തെളിയിച്ചിരിക്കുന്നത്.

സച്ചിന്റെ ഏറ്റവും വലിയ ആരാധകൻ കൂടിയായ കോഹ്‌ലി അതേ സച്ചിന്റെ റെക്കോർഡ് മറികടന്നതും ശ്രദ്ധേയമാവുകയാണ്. ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ സെമി മത്സരത്തിലാണ് കോഹ്‌ലിയുടെ റെക്കോർഡ് പ്രകടനം. ഇന്ത്യ മികച്ചനിലയിൽ ആദ്യ ബാറ്റിംഗ് പുരോഗമിക്കുകയാണ്.

50 ഓവർ ക്രിക്കറ്റിലെ കോഹ്‌ലിയുടെ ഈ 50 സെഞ്ച്വറിയെന്ന നേട്ടം ഉടനെയൊന്നും തിരുത്തപ്പെടുകയില്ലെന്ന് വ്യക്തമായിരിക്കുകയാണ്. തന്റെ റെക്കോർഡുകൾ തകർക്കുക ഒരു ഇന്ത്യൻ താരം തന്നെയായിരിക്കും എന്നും,രോഹിത്തോ വിരാട് കോഹ്‌ലിയോ റെക്കോർഡ് തകർത്തേക്കാമെന്ന് അന്ന് സച്ചിൻ ഇരുവരേയും സാക്ഷിയാക്കി പറഞ്ഞത് കൂടിയാണ് ഇന്ന് സത്യമായിരിക്കുന്നത്.
ALSO READ- മോഷ്ടിച്ച ബൈക്കുമായി ഹെല്‍മെറ്റില്ലാതെ നാടുചുറ്റി കള്ളന്‍: പിഴ നോട്ടീസ് കിട്ടി വലഞ്ഞ് ബൈക്കുടമ

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ കോഹ് ലി റെക്കോർഡ് തിരുത്തുന്നതിന് സാക്ഷിയാകാൻ സാക്ഷാൽ സച്ചിൻ ടെണ്ടുൽക്കറും പവലിയനിലുണ്ടായിരുന്നു. ഇത് ഒരു ലോകകപ്പ് നോക്കൗട്ടിൽ കോലി നേടുന്ന ആദ്യ സെഞ്ചുറി കൂടിയാണിത്. നേരത്തേ ഒരു ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമെന്ന സച്ചിന്റെ റെക്കോഡും കോഹ്‌ലി മറികടന്നിരുന്നു. 2003 ലോകകപ്പിൽ സച്ചിൻ നേടിയ 673 റൺസാണ് കോഹ്‌ലി ഇന്ന് തിരുത്തിക്കുറിച്ചത്.

Exit mobile version