‘മൂന്നാം തരംഗം നേരിടേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ വില്‍പനയുടെ തിരക്കിലാണ്’: നിങ്ങള്‍ സ്വയം സൂക്ഷിയ്ക്കൂ; രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ‘മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയത്ത് കേന്ദ്രസര്‍ക്കാര്‍ വില്‍പനയുടെ തിരക്കിലാണ്,’ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്ന് രാഹുല്‍ പറഞ്ഞു. ‘മൂന്നാം തരംഗം നേരിടാന്‍ വാക്സിനേഷന്‍ വര്‍ധിപ്പിക്കേണ്ട സമയമാണിത്. എന്നാല്‍, നിങ്ങള്‍ തന്നെ ജാഗ്രത പാലിക്കൂ. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ വില്‍പനയുടെ തിരക്കിലാണ്,’ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.


കോവിഡ് പ്രതിരോധത്തിലെ കേന്ദ്രസര്‍ക്കാറിന്റെ പാളിച്ചകള്‍ രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നു. വാക്സിന്‍ ക്ഷാമം ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാത്തതിലും രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനമുണ്ടായിരുന്നു.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സര്‍ക്കാറിന്റെ കീഴിലുള്ള ആറ് ലക്ഷം കോടിയുടെ ആസ്തികള്‍ വില്‍ക്കാനുള്ള തീരുമാനത്തിനെതിരേയും രാഹുല്‍ വലിയ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേന്ദ്രസര്‍ക്കാറിന് താല്‍പര്യമുള്ള വ്യവസായികള്‍ക്കായി സര്‍ക്കാറിന്റെ സ്വത്തുക്കള്‍ വീതിച്ചു നല്‍കുകയാണെന്ന് രാഹുല്‍ വിമര്‍ശിച്ചിരുന്നു.

അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ആസ്തി വിറ്റ് ആറുലക്ഷം കോടി രൂപ നേടാനുള്ള പാക്കേജാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ കഴിഞ്ഞദിവസം പ്രഖ്യാപിച്ചത്.

റോഡ്, റെയില്‍വേ, ഊര്‍ജം, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, സംഭരണശാലകള്‍, വൈദ്യുതിനിലയങ്ങള്‍, ഖനികള്‍ തുടങ്ങി 13 അടിസ്ഥാനസൗകര്യ മേഖലകളിലെ ഇരുപതിലധികം ആസ്തികളില്‍ സ്വകാര്യ പങ്കാളിത്തം കൊണ്ടുവന്നാണ് ഇത്രയും തുക സമാഹരിക്കുകയെന്ന് മന്ത്രി പറഞ്ഞു.

അതേസമയം, ഇവയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിന് തന്നെയായിരിക്കുമെന്നും നിശ്ചിത കാലത്തിനുശേഷം തിരിച്ചെടുക്കാന്‍ വ്യവസ്ഥ ചെയ്യുമെന്നും മന്ത്രി അവകാശപ്പെടുന്നുണ്ട്.

Exit mobile version