ബസവരാജ് ബൊമ്മെ പുതിയ കര്‍ണാടക മുഖ്യമന്ത്രി; സത്യപ്രതിജ്ഞ നാളെ

ബംഗളൂരു: കര്‍ണാടകയുടെ പുതിയ മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗമാണ് തീരുമാനം എടുത്തത്. ലിംഗായത്ത് സമുദായത്തില്‍ നിന്ന് തന്നെയുള്ള ആളാണ് 61കാരനായ ബസവരാജ് ബൊമ്മെയും.

സ്ഥാനം ഒഴിഞ്ഞ മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ബൊമ്മെ, ആഭ്യന്തര മന്ത്രിയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.20ന് കര്‍ണാടകയുടെ 31ാം മുഖ്യമന്ത്രിയായി ബസവരാജ് സത്യപ്രതിജ്ഞ ചെയ്യും.

ബംഗളൂരുവിലെ കാപിറ്റോള്‍ ഹോട്ടലില്‍ നടന്ന ബിജെപി നിയമസഭാ കക്ഷി യോഗത്തില്‍ സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയും സന്നിഹിതനായിരുന്നു.

മുന്‍ മുഖ്യമന്ത്രി എസ്ആര്‍ ബൊമ്മെയുടെ മകനാണ് ബസവരാജ് ബൊമ്മെ. 2008ലാണ് ബിജെപിയിലെത്തുന്നത്. ബിഎസ് യെദ്യൂരപ്പയുടെ അടുത്ത അനുയായി ആയാണ് എക്കാലത്തും ബസരാജ് ബൊമ്മെ അറിയപ്പെടുന്നത്. നേരത്തെ കര്‍ണാടക ജലവിഭവവകുപ്പ് മന്ത്രിയായും ബസവരാജ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സിഎന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ്‍ സുവാഡി, ഗോവിന്ദ് കര്‍ജോള്‍, സംസ്ഥാന മന്ത്രി മുരുഗേഷ് നിറാനി, ദേശീയ ജനറല്‍ സെക്രട്ടറിമാരായ ബിഎല്‍ സന്തോഷ്, സിടി രവി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവില്‍ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു. യെദ്യൂരപ്പയുടെ പിന്‍ഗാമിയെ നിശ്ചയിക്കാന്‍ ബിജെപി ദേശീയ നേതൃത്വം നിയോഗിച്ച കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡിയും ധര്‍മേന്ദ്ര പ്രധാനും യോഗത്തില്‍ പങ്കെടുത്തു.

1960 ജനുവരി 28നാണ് ബസവരാജ് ബൊമ്മെ ജനിച്ചത്. ടാറ്റാ ഗ്രൂപ്പില്‍ എഞ്ചിനീയറായിരുന്ന അദ്ദേഹം പിന്നീടാണ് രാഷ്ട്രീയത്തിലേക്കിറങ്ങിയത്. രണ്ട് തവണ എംഎല്‍സിയും മൂന്നു തവണ ഷിഗാവോനില്‍ നിന്നുള്ള എംഎല്‍എയുമായിരുന്നു.

കര്‍ണാടക രൂപീകരണത്തിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട 20 മുഖ്യമന്ത്രിമാരും ലിംഗായത്ത് സമുദായത്തില്‍ നിന്നായിരുന്നു. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസമാണ് ബിഎസ് യെദ്യൂരപ്പ രാജിവെച്ചത്. തന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികദിനത്തിലാണ് യെദ്യൂരപ്പ രാജിവെച്ചത്.

ഉപമുഖ്യമന്ത്രിമാരടക്കം മന്ത്രിസഭയിലെ അംഗങ്ങള്‍ക്കും മാറ്റമുണ്ടാകും. വൊക്കലിംഗ വിഭാഗത്തില്‍ നിന്നും പട്ടിക വിഭാഗത്തില്‍ നിന്നുമുള്ള നേതാക്കളെ ഉപമുഖ്യമന്ത്രിമാരാക്കാനാണ് നീക്കം. നാല് ഉപമുഖ്യമന്ത്രിമാര്‍ക്കു സാധ്യതയുണ്ട്. കോണ്‍ഗ്രസ് – ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എത്തിയവര്‍ മന്ത്രിസഭാംഗങ്ങളാകാന്‍ സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്.

Exit mobile version