കര്‍ണാടകയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റു: സിദ്ധരാമയ്യയും ഡികെ ശിവകുമാറും അധികാരമേറ്റു, ആദ്യഘട്ട ക്യാബിനറ്റില്‍ എട്ട് മന്ത്രിമാര്‍

ബംഗളൂരു: കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ അധികാരമേറ്റു. മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ ധാവര്‍ചന്ദ് ഗെഹലോത് സത്യവാചകം ചൊല്ലിക്കൊടുത്തു. ബംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലായിരുന്നു ചടങ്ങ്.

കര്‍ണാടകയുടെ 24 -ാമത് മുഖ്യമന്ത്രിയായി ദൈവനാമത്തിലാണ് സിദ്ധരാമയ്യ സത്യപ്രതിജ്ഞ ചെയ്തത്. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രിക്കും ഡികെ ശിവകുമാറിനും പുറമെ എട്ട് മന്ത്രിമാരാണ് കര്‍ണാടകയില്‍ ഇന്ന് അധികാരമേറ്റത്. ജി പരമേശ്വര കെഎച്ച് മുനിയപ്പ, മലയാളി കെ ജെ ജോര്‍ജ്, എം ബി പാട്ടീല്‍, സതീഷ് ജര്‍ക്കിഹോളി, പ്രിയങ്ക് ഖാര്‍ഗെ, രാമലിംഗ റെഡ്ഢി. സമീര്‍ അഹമ്മദ് ഖാന്‍ എന്നിവരാണ് മന്ത്രിമാരായി ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്.

പ്രമുഖ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ എല്ലവരും തന്നെ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിച്ചേര്‍ന്നിട്ടുണ്ട്. തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ. നേതാവുമായ എം.കെ. സ്റ്റാലിന്‍, ബിഹാര്‍ മുഖ്യമന്ത്രിയും ജെ.ഡി.യു. നേതാവുമായ നിതീഷ് കുമാര്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയുമായ ഭൂപേഷ് ബാഘേല്‍, കോണ്‍ഗ്രസ് നേതാവും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായ സുഖ്വിന്ദര്‍ സിങ് സുഖു, ആര്‍.ജെ.ഡി. നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയവര്‍ ചടങ്ങിനെത്തി.

സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ. ജനറല്‍ സെക്രട്ടറി ഡി. രാജ, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍, എന്‍.സി.പി. ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങി നിരവധി പ്രതിപക്ഷ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. അതേസമയം, കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ല.

Exit mobile version