‘സിനിമ എല്ലാവരും കാണണം, സ്‌നൂബിയെ ഓര്‍ത്തുപോയി’: ചാര്‍ലി കണ്ട് നിയന്ത്രണംവിട്ട് പൊട്ടിക്കരഞ്ഞ് കര്‍ണാടക മുഖ്യമന്ത്രി

ബംഗളൂരു: രക്ഷിത് ഷെട്ടി നായകനായ ‘777 ചാര്‍ളി’ കണ്ട് വികാരധീനനായി
കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. ചാര്‍ളി കണ്ടതിന് ശേഷം തന്റെ വളര്‍ത്തുനായ സ്‌നൂബിയെ ഓര്‍ത്താണ് ബസവരാജിന് കണ്ണുകളെ നിയന്ത്രിക്കാന്‍ ആവാതിരുന്നത്. പൊട്ടിക്കരയുന്ന ബസവരാജിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം, മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്കു മുന്‍പാണ് ബൊമ്മൈയുടെ വളര്‍ത്തുനായ സ്‌നൂബി ചത്തത്. ഈ സിനിമ കണ്ടപ്പോള്‍ സ്‌നൂബിയെ ഓര്‍മ്മിച്ചുവെന്നും സിനിമ കണ്ടിറങ്ങിയ ശേഷം ബൊമ്മൈ പറഞ്ഞു. സിനിമ എല്ലാവരും കാണണമെന്നും കണ്ണീര്‍ തുടച്ചു കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹിന്ദി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്.

Read Also:‘നിന്നെ എല്ലാദിവസവും മിസ് ചെയ്യുന്നു’: സുശാന്തിന്റെ ഓര്‍മ്മദിനത്തില്‍ ഹൃദയവേദന പങ്കുവച്ച് റിയ ചക്രബര്‍ത്തി

‘നായകളെക്കുറിച്ചുള്ള സിനിമകള്‍ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഈ സിനിമയ്ക്ക് വികാരങ്ങളുമായും മൃഗങ്ങളുമായും ബന്ധമുണ്ട്. നായ അതിന്റെ വികാരങ്ങള്‍ കണ്ണുകളിലൂടെ പ്രകടിപ്പിക്കുന്നു. സിനിമ കൊള്ളാം എല്ലാവരും കാണണം. നിരുപാധികമായ സ്നേഹത്തെക്കുറിച്ച് ഞാന്‍ സംസാരിച്ചുകൊണ്ടേയിരിക്കുന്നു. നായയുടെ സ്നേഹം നിരുപാധിക സ്നേഹമാണ്, അത് ശുദ്ധമാണ്’ സിനിമ കണ്ട ശേഷം ബസവരാജ് ബൊമ്മെ പറഞ്ഞു.

ബൊമ്മെ ഒരു നായ പ്രേമിയാണ്. കഴിഞ്ഞ വര്‍ഷം ബൊമ്മെയുടെ വളര്‍ത്തുനായ ചത്തിരുന്നു. അതിന്റെ വിയോഗം ബൊമ്മെയെ ഏറെ വേദനിപ്പിച്ചിരുന്നു.
വളര്‍ത്തു നായ സ്നൂബിയുടെ മരണശേഷം കണ്ണീരോടെ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രങ്ങളോടൊപ്പം സിനിമ കണ്ടതിനു ശേഷം അദ്ദേഹം കരയുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തന്റെ അരുമയായിരുന്ന സ്‌നൂബിയുടെ
മാലയിട്ട ശരീരത്തില്‍ ബൊമ്മെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്യുന്ന ഫോട്ടോകളും പ്രചരിക്കുന്നുണ്ട്.

Exit mobile version