ബെംഗളൂരു സംഘര്‍ഷം; അക്രമികളില്‍ നിന്ന് നാശനഷ്ടങ്ങളുടെ തുക ഈടാക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി

ബെംഗളൂരു: ബെംഗളൂരു സംഘര്‍ഷത്തില്‍ അക്രമികളില്‍ നിന്ന് നാശനഷ്ടങ്ങളുടെ തുക ഈടാക്കണമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് ബൊമ്മയ്. നശിപ്പിക്കപ്പെട്ട വസ്തുവകകളുടെ തുക അക്രമികളില്‍ നിന്ന് ഈടാക്കണമെന്ന് ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയും പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് തേജസ്വി സൂര്യ മുഖ്യമന്ത്രി ബിഎസ് യെദ്യുരപ്പക്ക് കത്തയച്ചു.

ആരും നിയമത്തിന് അതീതരല്ലെന്നും മതവിദ്വേഷം വളര്‍ത്തുന്ന പരാമര്‍ശം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മുന്‍ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ പോലീസ് വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം 3 ആയി.110 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. വിവാദ പോസ്റ്റിട്ട എംഎല്‍എയുടെ ബന്ധുവിനെയും അറസ്റ്റു ചെയ്തു.ബെംഗളൂരുവില്‍ ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘര്‍ഷത്തില്‍ എസ്ഡിപിഐ നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. എസ്ഡിപിഐ നേതാവ് മുസാമില്‍ പാഷയാണ് അറസ്റ്റിലായത്. സംഘര്‍ഷം എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സിടി രവി പറഞ്ഞു.

നാലായിരത്തിലധികം പേര്‍ ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പങ്കെടുത്തെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇത്രയും പേര്‍ ഒരു രാത്രികൊണ്ട് സംഘടിച്ചതല്ലെന്നും അക്രമത്തിന് നേരത്തെ ചിലര്‍ പദ്ധതിയിട്ടിരുന്നെന്നും പോലീസ് സംശയിക്കുന്നു. നിലവില്‍ സ്ഥിതി പൂര്‍ണമായും ശാന്തമായതായി കമ്മിഷണര്‍ കമല്‍ പാന്ത് പറഞ്ഞു. ബെംഗളൂരു നഗരത്തില്‍ നിരോധനാജ്ഞയും ഡിജെ ഹള്ളി, കെജെ ഹള്ളി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കര്‍ഫ്യുവും പ്രഖ്യാപിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് എംഎല്‍എ അഖണ്ഡ ശ്രീനിവാസ മൂര്‍ത്തിയുടെ ബന്ധു നവീന്‍ മതവിദ്വേഷം നിറഞ്ഞ ഫേസ്ബുക്ക് പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് നഗരത്തില്‍ സംഘര്‍ഷമുണ്ടായത്. ഇന്നലെ രാത്രി 10 മണിയോടെയാണ് നഗരത്തില്‍ സംഘര്‍ഷം ആരംഭിച്ചത്. അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എംഎല്‍എയുടെ കാവല്‍ബൈരസാന്ദ്രയിലെ വീടിന് നേരെയാണ് ആദ്യം അക്രമമുണ്ടായത്. വീടിന് തീയിട്ട പ്രതിഷേധക്കാര്‍ വാഹനങ്ങളും തകര്‍ത്തു.

പിന്നീട് പോലീസ് ഇടപെടലുണ്ടായതോടെ സംഘം ഡിജെ ഹള്ളി പോലീസ് സ്റ്റേഷനിലേക്ക് എത്തി. ഇവിടെവച്ചാണ് സംഘര്‍ഷം കൂടുതല്‍ ശക്തമായത്. പ്രതിഷേധം തടയുന്നതിന്റെ ഭാഗമായി പോലീസ് നടത്തിയ വെടിവെപ്പിലാണ് മൂന്ന് പേര്‍ മരിച്ചത്. സംഭവത്തില്‍ അഡീഷണല്‍ കമീഷണറടക്കം അറുപതോളം പോലീസുകാര്‍ക്കും പരുക്കുണ്ട്.

Exit mobile version