പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി ബിജെപി നേതാക്കളായ സഹോദരന്മാര്‍, 600കോടി രൂപയോളം തട്ടിയെടുത്ത് മുങ്ങി

ചെന്നൈ: പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി കോടിക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങി ബിജെപി നേതാക്കളായ സഹോദരന്മാര്‍. കുംഭകോണത്തെ ബിജെപി വ്യാപാരി സംഘം നേതാക്കളായ ‘ഹെലികോപ്റ്റര്‍ സഹോദരന്‍മാരാണ്’ 600 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയത്.

6 വര്‍ഷം മുന്‍പാണു തിരുവാരൂരില്‍നിന്ന് കുഭകോണത്തേക്ക് ഗണേഷും സഹോദരന്‍ സ്വാമിനാഥനുമെത്തിയത്. പാലുല്‍പ്പനങ്ങള്‍ വിറ്റ് തുടങ്ങിയ ഇവര്‍ 2019ല്‍ ധനകാര്യ സ്ഥാപനം തുടങ്ങി. കുട്ടിയുടെ ആദ്യത്തെ പിറന്നാളിന് സ്വന്തം ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയതോടെയാണ് ഗണേഷിനും സഹോദരനും ഹെലികോപ്റ്റര്‍ ബ്രദേഴ്‌സ് എന്ന് പേരുവീണത്.

2019ല്‍ അര്‍ജുന്‍ ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഇവര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു. നാട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റിയ ഇരുവരും ഒരു വര്‍ഷം കൊണ്ട് ഇരട്ടിയാക്കി നല്‍കാമെന്ന് പറഞ്ഞാണ് പണം കൈക്കലാക്കിയത്. തുടക്കത്തില്‍ പണം ഇരട്ടിയാക്കി നല്‍കിയെങ്കിലും കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ മുടങ്ങി.

നിക്ഷേപിച്ച ആളുകള്‍ പണം തിരികെ ആവശ്യപ്പെട്ടതോടെ ഇവര്‍ അവധി ചോദിച്ചു. പണം തിരികെ കിട്ടാതെ വന്നതോടെ, 15 കോടി നിക്ഷേപിച്ച ദമ്പതികള്‍ പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് തട്ടിപ്പ് നാട്ടുകാര്‍ അറിഞ്ഞത്. ഇതിന് പിന്നാലെയാണ് ഇരുവരും കടന്നുകളഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഗണേഷിനെ ബിജെപി ഭാരവാഹിത്വത്തില്‍നിന്ന് പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചു.

Exit mobile version