മകളെ മണിക്കൂറുകളോളം തിരഞ്ഞ് ഒരച്ഛന്‍…ഒടുവില്‍ അവളുടെ ചേതനയറ്റ ശരീരം മാറോടണച്ച്; ചുറ്റുമുളളവരുടെ കണ്ണിനെ ഈറനണിയിച്ച് രാജേഷ് യാദവ് എന്ന ഇരുപത്തഞ്ചുകാരന്‍…

കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ അഗ്‌നിബാധയുണ്ടായത്, ദുരന്തത്തില്‍ എട്ട് പേര്‍ മരിച്ചു.

മുംബൈ: ഇഎസ്ഐ ആശുപത്രിയിലെ അഗ്‌നിബാധമൂലം രണ്ട് മാസം മുമ്പ് പിറന്ന തന്റെ പിഞ്ചോമനയെ നഷ്ടപ്പെട്ട് രാജേഷ് യാദവ് എന്ന ഇരുപത്തഞ്ച്കാരന്‍. അഗ്നിബാധയില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ഓരോ ആശുപത്രിയിലും ഈ അച്ഛന്‍ കേറിയിറങ്ങി. പരിക്കേറ്റ ഇരുന്നൂറോളം പേരുടെ കൂട്ടത്തില്‍ തന്റെ മകള്‍ ഉണ്ടോ എന്നറിയാന്‍.

അച്ഛനും അമ്മയുമില്ലാതെ ഒറ്റപ്പെട്ട ഒരു പിഞ്ചുപെണ്‍കുഞ്ഞിനെ കണ്ടോയെന്ന് ഓരോരുത്തരോടും അയാള്‍ തിരക്കി. ഒടുവില്‍ ആശുപത്രിയില്‍ നിന്ന ലഭിച്ചത് മകളുടെ ചേതനയറ്റ ശരീരം. ഒരു മുഷിഞ്ഞ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു. അത് തന്റെ മാറോടണച്ച് അയാള്‍ ആശുപത്രിക്ക് പുറത്ത് വരുന്ന ദൃശ്യം ആളുകളുടെ കണ്ണിനെ ഈറനണിയിച്ചു.

രണ്ട് മാസം മുമ്പാണ് രാജേഷ്- രുക്മിണി ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് രുക്മിണിയെ ഇഎസ്ഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു കാറ്ററിംഗ് സ്ഥാപനത്തില്‍ പാചകക്കാരനീണ് രാജേഷ്. എന്നും രാവിലെ വീട്ടില്‍ നിന്ന് കുഞ്ഞിനെയും കൊണ്ട് ആശുപത്രിയിലെത്തും. വൈകുന്നേരം വരെ അമ്മയോടൊപ്പം പാല്‍ കുടിച്ചും കളിച്ചും കഴിഞ്ഞ ശേഷം കുഞ്ഞ് വൈകീട്ട് അച്ഛനോടൊപ്പം വീട്ടിലേക്ക് മടങ്ങും. ഇതായിരുന്നു പതിവ്.

അഗ്‌നിബാധയുണ്ടായ ദിവസം ഡോക്ടറാണ് രാജേഷിനോട് വിവരം പറഞ്ഞത്. പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളിലൊന്നില്‍ വച്ച് ഭാര്യ രുക്മിണിയെയും സഹോദരിയെയും കണ്ടെത്തി. എന്നാല്‍ മകളെ കണ്ടെത്താന്‍ ഇയാള്‍ക്കായില്ല. അബോധാവസ്ഥയിലായിരുന്നു രുക്മിണി. അതിനാല്‍ മകളെപ്പറ്റി ചോദിക്കാനും സാധിച്ചില്ല.

മകളെ അന്വേഷിച്ച് ഇയാള്‍ ആശുപത്രികള്‍ കേറി ഇറങ്ങി. കുഞ്ഞിനെ കണ്ടെത്താനായില്ല. രാജേഷ് അന്വേഷിക്കുന്നത് ഒരു ആണ്‍കുഞ്ഞിനെയാണെന്നായിരുന്നു ഡോക്ടര്‍മാരുടെ ധാരണ. ഒടുവില്‍ ഒരു മുഷിഞ്ഞ കറുത്ത ഷീറ്റില്‍ കുഞ്ഞിന്റെ മൃതദേഹം ഒരു ആശുപത്രിയില്‍ നിന്ന് പൊലീസിന്റെ സഹായത്തോടെ കണ്ടെത്തുകയായിരുന്നു.

കടുത്ത പുകയില്‍ ശ്വാസംമുട്ടിയാണ് കുഞ്ഞ് മരിച്ചതെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തകരുടെ കണ്ണില്‍ പെടാതെ പുകയിലെവിടെയോ കുഞ്ഞ് കുടുങ്ങിപ്പോയിരിക്കണം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഒരു ചവിട്ടിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹവുമായി മോര്‍ച്ചറിക്ക് മുന്നിലൂടെ നടന്നുവരുന്ന രാജേഷിനെ കണ്ടവരെല്ലാം വിതുമ്പി. എന്തിനാണ് കുഞ്ഞിനെ ചവിട്ടിയില്‍ പൊതിഞ്ഞതെന്ന് ചോദിച്ചപ്പോള്‍ കരഞ്ഞുകൊണ്ട് രാജേഷ് മറുപടി പറഞ്ഞു. എനിക്ക് പെട്ടെന്ന് വേറെ നല്ലതൊന്നും കയ്യില്‍ കിട്ടിയില്ല. അവളെ പൊതിഞ്ഞ് കയ്യിലെടുക്കാന്‍…ഇത് ചൂറ്റും കൂടി നിന്നവരെയും കരയിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആശുപത്രിയില്‍ അഗ്‌നിബാധയുണ്ടായത്, ദുരന്തത്തില്‍ എട്ട് പേര്‍ മരിച്ചു.

Exit mobile version