ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്തില്ല : പ്രതിരോധ സമിതി യോഗം വിട്ടിറങ്ങി രാഹുല്‍

Rahul Gandhi | Bignewslive

ന്യൂഡല്‍ഹി : ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അനുവദിക്കാഞ്ഞതിനെത്തുടര്‍ന്ന് പ്രതിരോധ സമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയും മറ്റ് ചില എംപിമാരും ഇറങ്ങിപ്പോയതായി റിപ്പോര്‍ട്ട്.

ബുധനാഴ്ച മൂന്ന് മണിക്കായിരുന്നു യോഗം. യോഗത്തില്‍ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെയും മറ്റ് എംപിമാരുടെയും ആവശ്യം അംഗീകരിക്കാതിരുന്നതിനെത്തുടര്‍ന്ന് ഇവര്‍ യോഗം ബഹിഷ്‌കരിക്കുകയായിരുന്നുവെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തില്‍ ചൈനീസ് അതിര്‍ത്തി പ്രശ്‌നം ഉന്നയിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ മറ്റ് സഖ്യകക്ഷികളുമായി ആലോചിച്ച് തന്ത്രങ്ങള്‍ രൂപീകരിക്കും. ഇന്ധന വില വര്‍ധന, വാക്‌സീന്‍ ദൗര്‍ലഭ്യം, തൊഴിലില്ലായ്മ, റഫാല്‍ വിവാദം എന്നീ വിഷയങ്ങളും പാര്‍ലമെന്റ് സമ്മേളനത്തില്‍ ഉന്നയിക്കും.

രാജ്യം കേന്ദ്ര സര്‍ക്കാര്‍ ചൈനയക്ക് അടിയറ വെച്ചു എന്നാണ് രാഹുല്‍ ഗാന്ധി നിരന്തരം ഉന്നയിക്കുന്ന വാദം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് കേന്ദ്രം. കഴിഞ്ഞ വര്‍ഷം ജൂണില്‍ അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ വെച്ച് സംഘര്‍ഷമുണ്ടായതിനെത്തുടര്‍ന്ന് നീണ്ട ഒമ്പത് മാസങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇരു രാജ്യങ്ങളും തമ്മില്‍ സമാധാനക്കരാര്‍ ഒപ്പിട്ടിരുന്നു.

Exit mobile version