ആറാം വിവാഹത്തിനൊരുങ്ങി ആള്‍ദൈവം, അഞ്ചാം ഭാര്യയുടെ പരാതിയില്‍ പോലീസിന്റെ പിടിയില്‍ : ചൂഷണത്തിനിരയായത് 32 ഓളം സ്ത്രീകള്‍

കാന്‍പൂര്‍ : മുന്‍ഭാര്യമാരുമായുള്ള ബന്ധം വേര്‍പ്പെടുത്താതെ ആറാം വിവാഹത്തിനൊരുങ്ങിയ സ്വയംപ്രഖ്യാപിത ആള്‍ദൈവം പിടിയില്‍. ഉത്തേര്‍പ്രദേശ് ഷാജഹാന്‍പൂര്‍ സ്വദേശിയായ അനുജ ചേതന്‍ കത്തേരിയാണ് അറസ്റ്റിലായത്.

അഞ്ചാം ഭാര്യയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പ്രതി ആറാം വിവാഹത്തിന് ഒരുങ്ങുന്നതിനിടയിലാണ് പിടിയിലായതെന്നും സൗത്ത് കാന്‍പൂര്‍ ഡ.സി.പി രവീണ ത്യാഗി പറഞ്ഞു. വിവാഹത്തട്ടിപ്പിന് പുറമേ ഒട്ടേറെ സ്ത്രീകളെ പ്രതി ചൂഷണം ചെയ്തിട്ടുണ്ടെന്നും 2016ല്‍ സഹോദരന്റെ ഭാര്യയെ ബലാത്സംഗം ചെയ്തതിന് നേരത്തേ പിടിയിലായിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

2005ല്‍ മെയിന്‍പുരി സ്വദേശിയായ യുവതിയെയാണ് ഇയാള്‍ ആദ്യം വിവാഹം ചെയ്തത്.ഇവരുടെ വിവാഹമോചനക്കേസ് നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. പിന്നീട് 2010ല്‍ ബറേലി സ്വദേശിയായ യുവതിയെ വിവാഹം ചെയ്തു. ഇവരും വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചു. 2004ല്‍ ആയിരുന്നു മൂന്നാം വിവാഹം. ഔരയ്യ സ്വദേശിയായ യുവതിയായിരുന്നു മൂന്നാമത്തെ വധു. പിന്നീട് ഈ യുവതിയുടെ ബന്ധുവിനെയും ഇയാള്‍ വിവാഹം കഴിച്ചു. അനുജിന്റെ മുന്‍വിവാഹങ്ങളെക്കുറിച്ച് അറിഞ്ഞതോടെ യുവതി ജീവനൊടുക്കി.

ഇതിന് ശേഷമാണ് 2019ല്‍ പരാതിക്കാരിയെ വിവാഹം കഴിച്ചത്.എന്നാല്‍ വിവാഹശേഷം ഉപദ്രവം പതിവായതോടെ യുവതി ആദ്യം ചകേരി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതോടെ അനുജ് ഇവിടെ നിന്ന് താമസം മാറുകയും കിദ്വായ് സ്‌റ്റേഷന്‍ പരിധിയില്‍ താമസം ആരംഭിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ യുവതി കഴിഞ്ഞമാസം കിദ്വായ് പോലീസ് സ്‌റ്റേഷനിലും പരാതി നല്‍കി. ഇതോടെയാണ് പ്രതി പിടിയിലായത്. വിവാഹത്തട്ടിപ്പിന് പുറമേ അനുജ് നിരവധി യുവതികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും ഹണിട്രാപ്പില്‍ ഉള്‍പ്പടെ ഇയാള്‍ക്ക് പങ്കുണ്ടെന്നുമാണ് പോലീസ് നല്‍കുന്ന വിവരം. മാട്രിമോണിയല്‍ വെബ്‌സൈറ്റ് വഴി പരിചയപ്പെടുന്ന യുവതികളെയാണ് ഇയാള്‍ കെണിയില്‍ വീഴ്ത്തി ചൂഷണം ചെയ്തിരുന്നത്.

ലക്കി പാണ്ഡെ എന്ന പേരിലായിരുന്നു ഇയാള്‍ മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ചിലരോട് സര്‍ക്കാര്‍ അധ്യാപകനാണെന്നും മറ്റ് ചിലരോട് വ്യവസായിയാണെന്നും പരിചയപ്പെടുത്തും. ബി.എസ്.സി ബിരുദധാരിയാണെന്ന് അവകാശപ്പെട്ടിരുന്ന പ്രതി ആത്മീയഗുരുവാണെന്ന് പറഞ്ഞും യുവതികളുമായി അടുപ്പം സ്ഥാപിച്ചിരുന്നു.ഇങ്ങനെ പരിചയപ്പെടുന്ന യുവതികളെ ആശ്രമത്തിലേക്ക് ക്ഷണിച്ചാണ് ചൂഷണം ചെയ്തിരുന്നത്.

ഇതിനുപുറമേ ആശ്രമത്തില്‍ പ്രശ്‌നപരിഹാരത്തിനെത്തുന്ന സ്ത്രീകളെയും ഇയാള്‍ ചൂഷണം ചെയ്തിരുന്നു. പോലീസ് നടത്തിയ പ്രാഥമികാന്വേണത്തില്‍ ഏകദേശം 32ഓളം യുവതികളുമായി ഇയാള്‍ക്ക് ഇത്തരത്തില്‍ അടുപ്പമുണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version