മുൻ കേന്ദ്രമന്ത്രിയും രാഹുൽ ഗാന്ധിയുടെ വിശ്വസ്തനുമായ ജിതിൻ പ്രസാദ ബിജെപിയിൽ ചേർന്നു; അംഗത്വമെടുത്തത് ഡൽഹി ആസ്ഥാനത്തെത്തി

ന്യൂഡൽഹി: വീണ്ടും കോൺഗ്രസിന് തിരിച്ചടിയായി മറ്റൊരു പ്രമുഖനേതാവുകൂടി ബിജെപിയിലേക്ക് ചേക്കേറി. കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായി ജിതിൻ പ്രസാദയാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബിജെപി പാർട്ടിയുടെ ഡൽഹി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്.

പശ്ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിൽ എഐസിസിയുടെ ചുമതല വഹിച്ചിരുന്ന നേതാവാണ് ജിതിൻ പ്രസാദ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള യുപിഎ സർക്കാറിൽ സ്റ്റീൽ, പെട്രോളിയം, പ്രകൃതിവാതകം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു. ഉത്തർപ്രദേശ് കോൺഗ്രസിലെ നട്ടെല്ലായിരുന്നു ജിതിൻ പ്രസാദ. അടുത്ത വർഷം ഉത്തർപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ജിതിൻ പ്രസാദയുടെ ബിജെപിയിലേക്കുള്ള ചേക്കേറൽ.

നേരത്തേ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്ത് സോണിയ ഗാന്ധിക്ക് കത്തെഴുതിയ 23 കോൺഗ്രസ് നേതാക്കളിൽ ജിതിൻ പ്രസാദയും ഉൾപ്പെട്ടിരുന്നു. രാഹുൽ ഗാന്ധിയുടെ അടുത്ത സഹായിയായിരുന്നു 47കാരനായ ഇദ്ദേഹം.

ബിജെപിയിൽ ചേരുന്നതിന് തൊട്ടുമുമ്പ് ജിതിൻ പ്രസാദ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ വസതിയിലെത്തി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. കേന്ദ്രമന്ത്രി പീയുഷ് ഗോയലുമായി അദ്ദേഹം ഫോണിൽ സംസാരിക്കുകയും ചെയ്തു. മികച്ച വ്യക്തികളിലൊരാൾ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ഡൽഹിയിലെ ആസ്ഥാനത്തെത്തി ബിജെപിയിൽ ചേരുമെന്ന് ബിജെപി എംപിയും വക്താവുമായ അനിൽ ബലൂനി ട്വീറ്റ് ചെയ്തിരുന്നു.

നേരത്തെ, 2019ൽ ജിതിൻ പ്രസാദ കോൺഗ്രസ് വിടുമെന്ന വാർത്തകൾ പരന്നിരുന്നു. എന്നാൽ അന്ന് അദ്ദേഹം ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തുകയും ചെയ്തിരുന്നു.

Exit mobile version