കേരളത്തിന് പ്രാണവായു നല്‍കി ഒഡീഷയും പശ്ചിമ ബംഗാളും; ഓക്‌സിജന്‍ ടാങ്കറുകളും എക്സ്പ്രസ് ട്രെയിനും കൊച്ചിയിലേക്ക് എത്തും

തിരുവനന്തപുരം: കേരളത്തിലെ ഓക്സിജന്‍ പ്രതിസന്ധിക്ക് പരിഹാരം. പശ്ചിമ ബംഗാളില്‍ നിന്നും ഓക്സിജന്‍ എത്തിക്കാന്‍ നടപടികളായി. പശ്ചിമ ബംഗാളില്‍ നിന്ന് ഓക്സിജന്‍ ടാങ്കറുകള്‍ രണ്ട് ദിവസത്തിനകം കൊച്ചിയിലെത്തും.

ഇന്ന് രാവിലെ ഏഴ് മണിക്ക് കോയമ്പത്തൂരില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ ടാങ്കറുകള്‍ അയച്ചു. ഒന്‍പത് ടണ്‍ വീതം ഓക്സിജന്‍ നിറയ്ക്കാവുന്ന ടാങ്കറുകളാണ് അയച്ചത്. ഓക്സിജന്‍ നിറച്ച് രണ്ട് ദിവസത്തിനകം ടാങ്കറുകള്‍ വിമാനമാര്‍ഗം കൊച്ചിയിലേക്ക് കൊണ്ടുവരും.

ഒഡീഷയില്‍ നിന്ന് കേരളത്തിലേക്ക് ഓക്സിജനുമായി എക്സ്പ്രസ് ട്രെയിന്‍ പുറപ്പെട്ടു. കൊച്ചി വല്ലാര്‍പ്പാടത്തേക്കാണ് ട്രെയിന്‍ എത്തുക.

ഇതിനിടെ യുഎഇയില്‍ നിന്ന് ഇന്നലെ 700 കിലോഗ്രാം ഓക്സിജന്‍ വിമാന മാര്‍ഗം കൊച്ചിയിലെത്തിച്ചിട്ടുണ്ട്. ദുബായില്‍ നിന്നുള്ള വിമാനത്തില്‍ സിലിണ്ടറുകളിലാണ് ഓക്സിജന്‍ എത്തിച്ചത്.

Exit mobile version