ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം; ഡോക്ടറുള്‍പ്പെടെ 8 കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

delhi oxygen | bignewslive

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും ഓക്‌സിജന്‍ കിട്ടാതെ മരണം. ഡോക്ടറുള്‍പ്പെടെ 8 കൊവിഡ് രോഗികള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചു. ബത്ര ആശുപത്രിയിലാണ് ദാരുണമായ സംഭവം.

ഐസിയുവില്‍ ചികിത്സയിലായിരുന്ന ആറു രോഗികളും വാര്‍ഡില്‍ ചികിത്സയിലിരുന്ന രണ്ടു പേരുമാണ് മരിച്ചത്. ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗം തലവന്‍ ഡോ. ആര്‍.കെ.ഹിംതാനിയാണ് മരിച്ചവരില്‍ ഒരാള്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കും ഒന്നരക്കുമിടയിലായിരുന്നു മരണമെന്നാണ് ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയില്‍ അറിയിച്ചത്.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം അനുഭവപ്പെടുന്നത്. ഏപ്രില്‍ 24നും ഓക്‌സിജന്‍ മുടങ്ങിയെങ്കിലും വൈകാതെ വിതരണം പുനഃരാരംഭിക്കാന്‍ സാധിച്ചിരുന്നു. 230 രോഗികള്‍ക്ക് 80 മിനിറ്റ് നേരം ഓക്‌സിജന്‍ മുടങ്ങിയതായി ആശുപത്രി അധികൃതര്‍ ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു.

ഇതേതുടര്‍ന്ന് ഡല്‍ഹിയില്‍ ഉടന്‍ 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. ഉടന്‍ ഓക്‌സിജന്‍ എത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പും നല്‍കി.

Exit mobile version