ഓക്സിജന്‍ വേണമെങ്കില്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ പോയി ഇരിയ്ക്കൂ; രോഗികളോട് വിചിത്ര നിര്‍ദേശവുമായി യുപി പോലീസ്

ലക്നൗ: ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമത്തില്‍ വലയുന്ന രോഗികളോട് വിചിത്ര നിര്‍ദേശവുമായി യുപി പോലീസ്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ വലയുമ്പോള്‍ ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ് പോലീസ്.

ശരീരത്തിലെ ഓക്സിജന്‍ ലെവല്‍ ഉയരാന്‍ ആല്‍മരത്തിന്റെ ചുവട്ടില്‍ ഇരിക്കാന്‍ പോലീസുകാര്‍ നിര്‍ദേശിച്ചതായുള്ള ബന്ധുക്കളുടെയും രോഗികളുടെയും പരാതികള്‍ ഉയരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം തുടരവേയാണ് യുപി പോലീസിന്റെ വിചിത്ര ഉപദേശം. ഓക്സിജിന്‍ ലഭ്യതക്കുറവ് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയ രോഗിയുടെ ബന്ധുവിനോടാണ് പോലീസ് ആല്‍മരത്തിന് ചുവട്ടില്‍ പോയിരിക്കാന്‍ നിര്‍ദേശിച്ചത്.

ഇതിന് പിന്നാലെ ചില ആശുപത്രികള്‍ രോഗികള്‍ക്കാവശ്യമായ ഓക്‌സിജന്‍ അവരുടെ ബന്ധുക്കള്‍ തന്നെ കണ്ടെത്തണമെന്ന് പറഞ്ഞ് നോട്ടീസുകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
ഉത്തര്‍പ്രദേശില്‍ ഓക്‌സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം എട്ട് പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ യുപിയില്‍ മരിച്ചത്.

എന്നാല്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമമില്ലെന്നായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികരണം. ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്നും മറിച്ച് പ്രചരിപ്പിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു.

Exit mobile version