24 ദിവസത്തിനുള്ളില്‍ ഓക്‌സിജന്‍ എത്തിച്ചത് കേരളം ഉള്‍പ്പടെ 13 സംസ്ഥാനങ്ങളിലേയ്ക്ക്; കരുത്ത് പകര്‍ന്ന് ഒഡീഷ

Oxygen Cylinder | Bignewslive

ഭുവനേശ്വര്‍: 24 ദിവസത്തിനുള്ളില്‍ കേരളം ഉള്‍പ്പടെയുള്ള 13 സംസ്ഥാനങ്ങളിലേയ്ക്ക് ഓക്‌സിജന്‍ എത്തിച്ച് മാതൃകയായി ഒഡീഷ. 777 ടാങ്കറുകളിലായി 14,294.141 മെട്രിക് ടണ്‍ ഓക്സിജനാണ് ഒഡീഷ ഇതുവരെ എത്തിച്ചുനല്‍കിയത്.

കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, തമിഴ്നാട്, ഹരിയാന, മഹാരാഷ്ട്ര, ഛത്തിസ്ഗഡ്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഡല്‍ഹി, കര്‍ണാടക, ബിഹാര്‍, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലേക്കാണ് ഒഡീഷ ഓക്‌സിജന്‍ എത്തിച്ചത്.

കേരളത്തിലേക്കുള്ള ആദ്യ ഓക്‌സിജന്‍ എക്‌സ്പ്രസ് 118 മെട്രിക് ടണ്‍ ഓക്‌സിജനുമായി ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ വല്ലാര്‍പാടം ടെര്‍മിനലില്‍ എത്തിചേരുകയും ചെയ്തു. 6 കണ്ടെയ്‌നര്‍ ടാങ്കറുകളിലായി എത്തിച്ച ഓക്‌സിജന്‍, ടാങ്കര്‍ ലോറികളിലേക്കു മാറ്റി റോഡ് മാര്‍ഗം ആവശ്യമായ സ്ഥലങ്ങളില്‍ എത്തിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു.

ആദ്യ ലോഡുകള്‍ കൊല്ലം, എറണാകുളം ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേയ്ക്കാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. ഒഡീഷയിലെ കലിംഗനഗര്‍ ടാറ്റാ സ്റ്റീല്‍ പ്ലാന്റില്‍ നിന്നുള്ള ലോഡാണു കേരളത്തിനു ലഭിച്ചത്. റവന്യുറെയില്‍വേ ഉദ്യോഗസ്ഥര്‍ വല്ലാര്‍പാടത്ത് എത്തിയിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിയിലും മറ്റ് സംസ്ഥാനങ്ങള്‍ക്ക് സഹായമെത്തിക്കുന്ന ഒഡീഷയ്ക്ക് ഇപ്പോള്‍ അഭിനന്ദന പ്രവാഹമാണ്.

Exit mobile version