ഓക്‌സിജന്‍ ക്ഷാമം : അയല്‍ രാജ്യങ്ങളോട് സഹായമഭ്യര്‍ഥിച്ച് ഇന്തോനേഷ്യ

Indonesia | Bignewslive

ജക്കാര്‍ത്ത : കോവിഡ് വ്യാപനം രൂക്ഷമായതോടെ കടുത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ട് ഇന്തോനേഷ്യ. സിങ്കപ്പൂര്‍,ചൈന ഉള്‍പ്പടെ വിവിധ രാജ്യങ്ങളോട് അടിന്തരമായി ഓക്‌സിജന്‍ എത്തിച്ച് നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് സര്‍ക്കാര്‍.

1000 ഓക്‌സിജന്‍ സിലിണ്ടറുകള്‍,കോണ്‍സണ്‍ട്രേറ്ററുകള്‍,വെന്റിലേറ്ററുകള്‍ ഉള്‍പ്പടെയുള്ള മെഡിക്കല്‍ ഉപകരണങ്ങള്‍ സിങ്കപ്പൂര്‍ വെള്ളിയാഴ്ച എത്തിച്ചിട്ടുണ്ട്.36,000 ടണ്‍ ഓക്‌സിജനും 10,000 കോണ്‍സണ്‍ട്രേറ്ററുകളും കൂടി സിങ്കപ്പൂരില്‍ നിന്ന് വാങ്ങാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍. ഓസ്‌ട്രേലിയയും 1000 വെന്റിലേറ്ററുകള്‍ ഇന്തോനേഷ്യയില്‍ എത്തിച്ചിരുന്നു. യുഎസും യുഎഇയും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്.

ജനസംഖ്യയില്‍ ലോകത്ത് നാലാം സ്ഥാനത്താണ് ഇന്തോനേഷ്യ.2.4 മില്യണ്‍ കോവിഡ് കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.കോവിഡ് രോഗികള്‍ നിറഞ്ഞതോടെ ആശുപത്രികള്‍ നിറഞ്ഞുകവിഞ്ഞ അവസ്ഥയാണ്. അടിയന്തര ചികിത്സ കാത്ത് കിടക്കുന്നവരും വീട്ടില്‍ ഐസലേഷനില്‍ കഴിയുന്നവരും മരിക്കുന്ന നിരവധി സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കോവിഡ് വ്യാപനത്തില്‍ പരിഭാന്തരായ ജനങ്ങള്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ വാങ്ങിവയ്ക്കുന്നത് രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമത്തിന് കാരണമായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍.

കോവിഡ് രണ്ടാം തരംഗത്തില്‍ ഇന്ത്യക്ക് 3400 ഓക്‌സിജന്‍ സിലിണ്ടറുകളാണ് ഇന്തോനേഷ്യ എത്തിച്ച് നല്‍കിയത്. രാജ്യത്ത് കോവിഡ് രൂക്ഷമായതോടെ 2000 സിലിണ്ടറുകള്‍ കൂടി ഇന്ത്യയിലേക്ക് അയക്കാനുള്ള പദ്ധതിയില്‍ നിന്ന് ഇന്തോനേഷ്യ പിന്മാറിയിരുന്നു.പ്രതിദിനം 1928 ടണ്‍ ഓക്‌സിജനാണ് ഇന്തോനേഷ്യക്ക് നിലവില്‍ വേണ്ടത്. 2,262 ടണ്‍ ഓക്‌സിജനാണ് രാജ്യത്ത് പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്നത്. അടുത്ത രണ്ടാഴ്ച ഇന്തോനേഷ്യയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണെന്നാണ് വിലയിരുത്തല്‍.

Exit mobile version