റംസാന്‍ മാസത്തിലെ പുണ്യം: ഗുജറാത്തില്‍ കോവിഡ് ആശുപത്രിയാക്കാന്‍ മുസ്ലീംപള്ളി വിട്ടുനല്‍കി

വഡോദര: കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മുസ്ലിം പള്ളി കോവിഡ് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കി അധികൃതര്‍. വഡോദരയിലെ ജഹാംഗീര്‍പുര പള്ളിയാണ് 50 കിടക്കകളുള്ള കോവിഡ് ആശുപത്രിയാക്കി മാറ്റിയത്. പരിശുദ്ധ റംസാന്‍ മാസത്തില്‍ ഇങ്ങനെയൊരു പ്രവൃത്തി ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പള്ളി ട്രസ്റ്റി പറഞ്ഞതായ് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

”കോവിഡ് കേസുകള്‍ ഉയരുകയാണ്. ഓക്‌സിജന്റെയും കിടക്കകളുടെയും ലഭ്യതക്കുറവിന്റെ പശ്ചാത്തലത്തില്‍ പള്ളി കോവിഡ് ആശുപത്രിയാക്കി മാറ്റാന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. റംസാനെക്കാള്‍ മികച്ച ഒരു മാസമില്ലല്ലോ അത് ചെയ്യാന്‍.”- പള്ളി ട്രസ്റ്റി ഇര്‍ഫാന്‍ ഷെയ്ഖ് പറഞ്ഞു.

ഗുജറാത്തിലും കോവിഡ് ബാധ രൂക്ഷമാണ്. സിവില്‍ ആശുപത്രിയുടെ പുറത്ത് ആംബുലന്‍സുകളുടെ നീണ്ട നിരയാണ് കാണുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇന്ത്യയില്‍ കൊവിഡ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. പ്രതിദിന കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം വീണ്ടും രണ്ടര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,59,170 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായി ഇത് ആറാം ദിനമാണ് പ്രതിദിന കണക്ക് രണ്ടര ലക്ഷം കടക്കുന്നത്.

Exit mobile version