മുൻകോൺഗ്രസ് എംഎൽഎയ്ക്ക് ബിജെപി വാഗ്ദാനം ചെയ്തത് അഞ്ചു കോടി; വീഡിയോ പുറത്തുവിട്ട് കോൺഗ്രസ്; ബിജെപി ഉപയോഗിക്കുന്നത് അഴിമതി പണമെന്ന് ആരോപണം

അഹമ്മദാബാദ്: ബിജെപി പണമെറിഞ്ഞ് തന്നെ ചാക്കിട്ട് പിടിക്കാൻ ശ്രമിച്ചെന്ന ആരോപണവുമായി ഗുജറാത്ത് മുൻ കോൺഗ്രസ് എംഎൽഎ രംഗത്ത്. ഗുജറാത്തിലെ കോൺഗ്രസിനെ വിലയ്ക്ക് വാങ്ങാൻ 25 കോടി മതിയെന്ന ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അവകാശവാദത്തിന് പിന്നാലെയാണ് ബിജെപിയുടെ പണമെറിയൽ വ്യക്തമാക്കി എംഎൽഎയുടെ വീഡിയോ പുറത്തെത്തിയിരിക്കുന്നത്.

മുമ്പ് എംഎൽഎ ആയിരുന്ന കാലത്ത് അദ്ദേഹത്തെ രാജിവെപ്പിക്കാൻ ബിജെപി അഞ്ച് കോടി കൈക്കൂലി നൽകിയെന്നാണ് ഗുജറാത്ത് കോൺഗ്രസ് നേതൃത്വം ആരോപിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ടാണ് രാജിവെക്കാൻ അഞ്ച് കോടി ലഭിച്ചുവെന്ന് എംഎൽഎ സോമഭാതല പട്ടേൽ പറയുന്ന വീഡിയോ കോൺഗ്രസ് പുറത്ത് വിട്ടിരിക്കുന്നത്. തനിക്ക് ബിജെപി പണം നൽകിയെന്നാണ് എംഎൽഎ സോമഭായി ഗന്ധാഭായ് പട്ടേൽ പറയുന്നത്. ഒരു എംഎൽഎയ്ക്കും അഞ്ച് കോടിക്ക് മുകളിൽ നൽകിയിട്ടില്ല. ചിലർക്ക് പണം നൽകിയപ്പോൾ മറ്റുള്ളവർക്ക് സീറ്റ് നൽകി.

എട്ട് നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിന് ഗുജറാത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോൺഗ്രസ് വിഡിയോ പുറത്ത് വിട്ടത്. അതേസമയം, ബിജെപി ജനപ്രതിനികളെ വാങ്ങുകയും വിൽക്കുകയും ചെയ്യുകയാണെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അമിത് ചാദ്‌വ കുറ്റപ്പെടുത്തി.

പണമെറിഞ്ഞ് ജനപ്രതിനിധികളെ വാങ്ങുന്നതിന് അഴിമതികളിലൂടെ ലഭിച്ച പണമാണ് ഉപയോഗിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പടെയുള്ളവർക്കെതിരെ ഇക്കാര്യത്തിൽ കേസെടുക്കണമെന്നും സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.

Exit mobile version