ഗുജറാത്തില്‍ പുതിയ മന്ത്രിസഭ: 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

അഹമ്മദാബാദ്: മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള പുതിയ ഗുജറാത്ത് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് ഉച്ചയ്ക്ക് 1 30ന് രാജ്ഭാവനില്‍ നടന്ന ചടങ്ങില്‍ 24 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു. 24 പേരും പുതുമുഖങ്ങളാണ്.

ഗവര്‍ണര്‍ ആചാര്യ ദേവ്രത് മന്ത്രിമാര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസം അധികാരമേറ്റ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടേയും സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. മുന്‍ സ്പീക്കര്‍ രാജേന്ദ്ര ത്രിവേദി മന്ത്രിസഭയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. പുതിയ ഗുജറാത്ത് മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് ചേരും.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഗുജറാത്തിന്റെ 17-ാമത് മുഖ്യമന്ത്രിയായി ഘട്ട്ലോദിയ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ സത്യപ്രതിജ്ഞ ചെയ്തത്. മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയുടെ അപ്രതീക്ഷിത രാജിയിലൂടെയാണ് ഗുജറാത്തില്‍ പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുത്തത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപിയുടെ നീക്കം. 2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ 182ല്‍ 99 സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.

Exit mobile version