5 ലക്ഷം ബില്ലടയ്ക്കാൻ സാധിച്ചില്ല; മൂന്നുവയസുകാരിയുടെ മുറിവ് തുന്നിക്കെട്ടാതെ ആശുപത്രിയുടെ ക്രൂരത; ദാരുണമരണം ഉത്തർപ്രദേശിൽ

ലഖ്‌നൗ: കൃത്യമായ ചികിത്സ നൽകാതെ ശസ്ത്രക്രിയ കഴിഞ്ഞ മൂന്നുവയസുകാരിയെ മരണത്തിന് വിട്ടുനൽകി ആശുപത്രിയുടെ ക്രൂരത. ഉത്തർപ്രദേശിലെ പ്രയാഗ് രാജിലാണ് മൂന്നുവയസുകാരി ചികിത്സ നിഷേധിച്ചതിനെ തുടർന്ന് സ്വകാര്യ ആശുപത്രിക്കു മുന്നിൽ മൂന്നു വയസുകാരി മരിച്ചത്. സംഭവത്തിൽ ദേശീയ ബാലാവകാശ കമ്മീഷൻ ഇടപെട്ടിട്ടുണ്ട്.

മാതാപിതാക്കൾക്ക് ബിൽ അടയ്ക്കാൻ സാധിക്കാത്തതിനാൽ ശസ്ത്രക്രിയയ്ക്കുശേഷം കുട്ടിയുടെ മുറിവുകൾ തുന്നിക്കെട്ടാൻ ആശുപത്രി തയ്യാറായില്ലെന്നാണ് ആരോപണം. വിഷയത്തിൽ ഇടപെട്ട യോഗി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

യുണൈറ്റഡ് മെഡിസിറ്റി എന്ന ആശുപത്രിക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ 24 മണിക്കൂറിനകം റിപ്പോർട്ട് നൽകണമെന്നും ഡോക്ടർമാരുടെ ഭാഗത്തുനിന്ന് ചികിത്സാപിഴവുണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടിയെടുക്കണമെന്നും ദേശീയ ബാലാവകാശ കമ്മീഷൻ ആവശ്യപ്പെട്ടതായി വാർത്താ ഏജൻസിസായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ബിൽ തുകയായി 5 ലക്ഷം രൂപയാണ് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടതെന്നും അത് അടയ്ക്കാത്തതിനാൽ കുഞ്ഞിനെ ശസ്ത്രക്രിയാ മുറിവുകൾ തുന്നിക്കെട്ടാതെയാണ് ഡിസ്ചാർജ് ചെയ്തതെന്നും മാതാപിതാക്കൾ പറയുന്നു. ആമാശയത്തിൽ രണ്ട് ശസ്ത്രക്രിയകൾ നടത്തിയ കുട്ടിയെ മുറിവ് തുന്നിക്കെട്ടാതെയാണ് വിട്ടതെന്നാണ് മാതാപിതാക്കളുടെ ആരോപണം. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചു.

അതേസമയം, 1.2 ലക്ഷം രൂപയുടെ ബിൽ തുകയായിട്ടും 6000 രൂപ മാത്രമേ കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നുള്ളൂവെന്ന് ആശുപത്രി മെഡിക്കൽ ഡയറക്ടർ പ്രമോദ് കുമാർ പറഞ്ഞു. സർക്കാർ ആശുപത്രിയിലേക്കു വിടുന്നതിനു മുൻപ് 15 ദിവസം കുട്ടി ഇവിടെ അഡ്മിറ്റ് ആയിരുന്നുവെന്നും മരിക്കുന്നതിനു മൂന്ന് ദിവസം മുൻപുവരെ കുട്ടി ആശുപത്രിയിൽ ഇല്ലായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വാദം. ഫെബ്രുവരി 16ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായി അഡീഷണൽ എസ്പി സമർ ബഹാദുർ മാധ്യമങ്ങളോടു പറഞ്ഞു.

ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ മൂന്നുവയസുകാരി പെൺകുട്ടിയെ എസ്ആർഎം ആശുപത്രിയിലേക്കു റഫർ ചെയ്തിരുന്നു. എന്നാൽ മാതാപിതാക്കൾ കുട്ടികളുടെ ആശുപത്രിയിലേക്കാണ് കുട്ടിയെ എത്തിച്ചത്. കുട്ടികളുടെ ആശുപത്രിയിൽ ചികിത്സ നടത്തിയ ശേഷം സ്വകാര്യ ആശുപത്രിയിലേക്കു തിരിച്ചു കൊണ്ടുവന്നുവെങ്കിലും കുട്ടി മരിക്കുകയായിരുന്നുവെന്ന് എസ്പി പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ദാരുണസംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കുട്ടിയെയും മാതാപിതാക്കളെയും വീഡിയോയിൽ കാണാം. കുട്ടിയുട പിതാവ് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്. കുട്ടി വേദനയിൽ പുളയുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. കുട്ടിയുടെ മൂക്കിൽനിന്നു പൈപ്പ് പുറത്തേക്ക് തള്ളിനിൽക്കുന്നതും കാണാവുന്നതാണ്.

Exit mobile version