സുപ്രീംകോടതി വിധിയോട് യോജിക്കാനാകില്ല, റാഫേല്‍ ഇടപാടില്‍ നിന്ന് പിന്നോട്ടില്ല, റിവ്യൂ ഹര്‍ജിയുടെ കാര്യം ആലോചിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍

മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണിനൊപ്പം ഹര്‍ജി നല്‍കിയിരുന്നു.

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയോട് ഒരു തരത്തിലും യോജിക്കാനാകില്ലെന്ന് മുതിര്‍ന്ന അഭിഭാഷകനും ഹര്‍ജിക്കാരില്‍ ഒരാളുമായ പ്രശാന്ത് ഭീഷണ്‍ പറയുന്നു. കോടതി വിധി വന്നാലും പിന്നോട്ടില്ലെന്നും റിവ്യൂ ഹര്‍ജി നല്‍കി മുന്‍പോട്ട് പോകുന്ന കാര്യം ആലോചിക്കുന്നുണ്ടെന്നും പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

റാഫേലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും സുപ്രീംകോടതി ഇന്ന് തള്ളിയതിനു ശേഷം അന്വേഷണം ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് നിലപാട് അറിയിച്ച് പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തിയത്. ‘ഞങ്ങളുടെ അഭിപ്രായത്തില്‍ സുപ്രീംകോടതി വിധി തെറ്റായ ഒന്നാണ്. പോരാട്ടത്തില്‍ നിന്ന് ഒരടി പോലും പിന്നോട്ടില്ല. റിവ്യൂ ഹരജി നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനിക്കും.’

മുന്‍ കേന്ദ്രമന്ത്രിമാരും ബിജെപി നേതാക്കളുമായ യശ്വന്ത് സിന്‍ഹയും അരുണ്‍ ഷൂരിയും പ്രശാന്ത് ഭൂഷണിനൊപ്പം ഹര്‍ജി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടികളില്‍ പിഴവില്ലെന്നും വിലയിലും കരാറിലും സംശയമില്ല എന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത്തില്‍ ഇടപെടാന്‍ സുപ്രീം കോടതിക്ക് കഴിയില്ല എന്നുമായിരുന്നു വിധി.

Exit mobile version