ആ ഒരു രൂപ ഇതാ കണ്ടോളൂ! ശിക്ഷാവിധിക്ക് പിന്നാലെ പ്രതികരിച്ച് അഡ്വ. പ്രശാന്ത് ഭൂഷൺ

ന്യൂഡൽഹി: കോടതിയലക്ഷ്യക്കേസിൽ ഒരു രൂപ പിഴ ശിക്ഷ വിധിച്ചതിനു പിന്നാലെ ആദ്യപ്രതികരണവുമായി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ. കോടതി വിധിച്ച ശിക്ഷയായ ഒരു രൂപ തന്റെ അഭിഭാഷകൻ രാജീവ് ധവാനിൽ നിന്നും വാങ്ങിക്കൊണ്ടായിരുന്നു പ്രശാന്ത് ഭൂഷന്റെ പ്രതികരണം. മാധ്യമങ്ങൾക്ക് മുന്നിൽ വെച്ചാണ് പ്രശാന്ത് ഭൂഷൺ ഒരു രൂപ കൈമാറിയത്. ഇന്ന് വൈകുന്നേരം നാല് മണിക്ക് കോടതി വിധിയെ സംബന്ധിച്ച് വിശദമായി സംസാരിക്കുമെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

‘എന്റെ അഭിഭാഷകനും മുതിർന്ന അഭിഭാഷകനുമായ രാജിവ് ധവാൻ കോടതി വിധിക്ക് ശേഷം എനിക്ക് ഒരു രൂപ സംഭാവന തന്നു. അത് ഞാൻ അപ്പോൾ തന്നെ നന്ദിപൂർവ്വം വാങ്ങിച്ചു,’ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്തു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെക്കെതിരെയുള്ള ട്വീറ്റിലാണ് സുപ്രീം കോടതി ഇന്ന് വിധി പറഞ്ഞത്.

ഒരു രൂപ പിഴയാണ് ശിക്ഷ വിധിച്ചത്. ഒരു രൂപ നൽകിയില്ലെങ്കിൽ മൂന്ന് മാസം വരെ തടവും മൂന്ന് വർഷം വരെ അഭിഭാഷകവൃത്തിയിൽ നിന്ന് വിലക്കുമാണ് കോടതി വിധിച്ചത്. സെപ്റ്റംബർ 15ന് മുമ്പ് പിഴ അടയ്ക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

Exit mobile version