‘പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം’; പോലീസ് നിയമഭേദഗതി പിന്‍വലിച്ചതില്‍ പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്‍

prashant bhushan india

ന്യൂഡല്‍ഹി: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചത്.

‘പിണറായി വിജയന്‍, ഇത് കേള്‍ക്കുന്നതില്‍ ഒരുപാട് സന്തോഷമുണ്ട്. പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഇപ്പോഴുമുണ്ടെന്നറിയുന്നത് വലിയ സംതൃപ്തി തരുന്ന കാര്യമാണ്’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചത്.

പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും ഭരണഘടനാദത്തമായ അന്തസ്സും ചോദ്യം ചെയ്യുന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളിലൂടെയും അല്ലാതെയും വ്യാപകമായി നടക്കുന്ന ദുഷ്പ്രചാരണങ്ങള്‍ തടയാനുള്ള ശ്രമം എന്ന നിലയിലാണ് കേരള പോലീസ് നിയമത്തില്‍ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ ഇപ്പോള്‍ നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

എല്ലാ കക്ഷികളുമായി ചര്‍ച്ച നടത്തി അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ നിയമ ഭേദഗതി നടപ്പാക്കൂ എന്നും ഇതിന്റെ ഭാഗമായി നിയമസഭയില്‍ വിശദമായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version