‘ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചുകൊന്ന സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയം തന്നെ’; പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം അറസ്റ്റിലായ റിപബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിക്ക് പിന്തുണ പ്രഖ്യാപിച്ച കേന്ദ്രമന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബിന്റെ അറസ്റ്റ് അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തുന്നു എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രിമാരായ അമിത് ഷായും പ്രകാശ് ജാവ്‌ദേകറും രംഗത്ത് എത്തിയിരുന്നു.

‘ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചുകൊന്ന സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയം തന്നെ. ബിഹാറില്‍ തെരഞ്ഞെടുപ്പ് നടക്കവേ അവര്‍ ശരിക്കും കുഴപ്പത്തിലാണെന്ന് ഇത് വ്യക്തമാക്കുന്നു’ എന്നാണ് പ്രശാന്ത് ഭൂഷന്‍ ട്വിറ്ററില്‍ കുറിച്ചത്. ‘എന്തുകൊണ്ട് എന്റെ ഇരകള്‍ എന്നെ സഹായിക്കുന്നില്ല’ എന്ന തലക്കട്ടോടെയുള്ള കാര്‍ട്ടൂണും അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. അറസ്റ്റിലായ അര്‍ണബ് ഗോസ്വാമി താന്‍ പിന്തുടര്‍ന്ന് വേട്ടയാടിയവരോട് എന്തുകൊണ്ട് തന്നെ സഹായിക്കുന്നില്ല എന്ന് കൈകൂപ്പി ചോദിക്കുന്നതായാണ് കാര്‍ട്ടൂണ്‍.

അതേസമയം അര്‍ണബ് ഗോസ്വാമിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ആറ് മണിക്കൂറിലേറെ നീണ്ട നടപടികള്‍ക്ക് ശേഷമാണ് അര്‍ണബിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്. അലിബാഗിലെ ഇന്റീരിയര്‍ ഡിസൈനര്‍ അന്‍വയ് നായികിന്റേയും അദ്ദേഹത്തിന്റെ മാതാവിന്റേയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് അര്‍ണബിനെ അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റത്തിലാണ് അറസ്റ്റിലായത്.

Exit mobile version