ഇങ്ങനെ പോയാല്‍ ഉടനെ പാപ്പരായിക്കോളും; അര്‍ണാബ് ഗോസ്വാമിയെ ട്രോളി പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: റിപ്പബ്ലിക്ക് ടിവി മാനേജിങ് ഡയറക്ടര്‍ അര്‍ണാബ് ഗോസ്വാമിയെ ട്രോളി മുതിര്‍ന്ന അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. റിപ്പബ്ലിക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത പരിപാടിക്ക് ലണ്ടണ്‍ റെഗുലേറ്ററി ബോഡിയായ ഓഫ് കോം 19 ലക്ഷം രൂപ പിഴയിട്ട സംഭവത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ട്രോളി രംഗത്തെത്തിയത്.

അര്‍ണബ് സംപ്രേക്ഷണം ചെയ്യുന്ന എല്ലാ പരിപാടികളും ഇങ്ങനെ പരിശോധിക്കപ്പെട്ടാല്‍ അദ്ദേഹം ഉടന്‍ പാപ്പരായിക്കോളും എന്നാണ് പ്രശാന്ത് ഭൂഷണ്‍ പ്രതികരിച്ചത്. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2019ല്‍ പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ പരാമര്‍ശങ്ങള്‍ക്കാണ് ഓഫ്‌കോം റിപ്പബ്ലിക്ക് ഭാരതിന് ഫൈന്‍ ഏര്‍പ്പെടുത്തിയത്.

റിപ്പബ്ലിക്ക് ഭാരതില്‍ അര്‍ണബ് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടി ബ്രോഡ്കാസ്റ്റിങ്ങ് നിയമങ്ങള്‍ ലംഘിച്ചുവെന്ന് ഓഫ് കോം പറയുന്നു. 2019 സെപ്തംബര്‍ ആറിന് അര്‍ണബ് അവതരിപ്പിച്ച പരിപാടിയില്‍ പാകിസ്താനിലെ ജനങ്ങളെ അപകീര്‍ത്തികരമായി ചിത്രീകരിക്കുന്ന ഭാഷയും പരാമര്‍ശങ്ങളും ഉപയോഗിച്ചുവെന്ന് ഓഫ് കോം റിപ്പബ്ലിക്ക് ഭാരതിന് നല്‍കിയ നോട്ടീസില്‍ പറയുന്നുണ്ട്.

പരിപാടി അവതരിപ്പിച്ച റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബും അതിഥിയായെത്തിയ ആളുകളും പാകിസ്താനി ജനങ്ങളെ അപമാനിച്ചുവെന്നും പരിപാടിയുടെ ഉള്ളടക്കം വിദ്വേഷ പരാമര്‍ശങ്ങള്‍ അടങ്ങിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിഴ ചുമത്തിയത്.

Exit mobile version