കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്

ഇറ്റാനഗര്‍: കൊറോണ മുക്ത സംസ്ഥാനമായി അരുണാചല്‍പ്രദേശ്. ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്ച രോഗമുക്തി നേടിയതോടെയാണ് സംസ്ഥാനം കൊറോണ മുക്തമായത്.

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സംസ്ഥാന നിരീക്ഷണ ഉദ്യോഗസ്ഥന്‍ ലോബ്സങ് ജമ്പ പറഞ്ഞു.

സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 99.66 ശതമാനവും പോസിറ്റീവിറ്റി നിരക്ക് പൂജ്യം ശതമാനവുമാണ്.

16,836 പേര്‍ക്കാണ് അരുണാചല്‍പ്രദേശില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 16,780 പേര്‍ രോഗമുക്തരായി. ഇതുവരെ 56 പേരാണ് കോവിഡ് മൂലം അരുണാചല്‍ പ്രദേശില്‍ മരിച്ചത്.

32,325 ആരോഗ്യപ്രവര്‍ത്തകരും മുന്നണിപ്പോരാളികളും ഇതുവരെ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചതായി സ്റ്റേറ്റ് ഇമ്യൂണൈസേഷന്‍ ഓഫീസര്‍ ദിമോങ് പാദുങ് അറിയിച്ചു.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,000 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് പശ്ചാത്തലത്തില്‍ രാജ്യാന്തര യാത്രാവിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്. എന്നാല്‍, തെരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ നിശ്ചയിക്കപ്പെട്ട പ്രത്യേക രാജ്യാന്തര സര്‍വീസുകള്‍ അനുവദിക്കും.

Exit mobile version