ഹൽവ നിർമാണത്തിനായി എത്തി; നാട്ടുകാരനായി മാറി; പത്ത് വർഷത്തിന് ശേഷം നാട്ടിലേക്ക്; രാഹുലിന് യാത്ര അയപ്പ്

പട്ടിക്കാട് : പത്ത് വർഷം മുൻപ് അരുണാചൽപ്രദേശിൽനിന്ന് കേരളത്തിലേക്ക് വണ്ടി കയറിയ രാഹുൽ മലയാളിയായി മാറാൻ അധിക കാലം വേണ്ടി വന്നില്ല. മലപ്പുറം പട്ടിക്കാട്ടേക്ക് എത്തിയ രാഹുൽ തൊഴിലന്വേഷിച്ച് നടക്കുകയും പറമ്പൂർ പത്തൊമ്പതിൽ സ്ഥിരതാമസക്കാരനാവുകയും ചെയ്തു.

തൊഴിലുകൾ ഓരോന്നായി ചെയ്ത് പിന്നീട് നാട്ടുകാരുടെ പ്രിയകൂട്ടുകാരനായി മാറിയ രാഹുലിന് പിന്നീട് നാട്ടിലേക്ക് മടങ്ങി പോകാനും തോന്നിയില്ല. കഴിഞ്ഞ പത്ത് വർഷം ഒരിക്കൽ പോലും രാഹുൽ സ്വന്തം നാട്ടിലേക്ക് പോയിട്ടില്ല.

ALSO READ- സിവിൽ സർവീസസ് നേടാൻ ജൂലായ് 13 ന് പുതിയ ബാച്ച്! സിവിൽ സർവീസസ് പരീക്ഷയെ പറ്റി അറിയേണ്ടതെല്ലാം പങ്കുവെച്ച് 200 ഓളം പേർക്ക് വിജയവഴി തെളിച്ച പരിശീലകർ

പട്ടിക്കാട്ടെ ബേക്കറിയിൽ ഇക്കാലമത്രയും ഹൽവ നിർമാണ തൊഴിലാളിയായി ജോലി ചെയ്തു. ഇപ്പോൾ 25 വയസ്സായി. ഒടുവിൽ പണം സമ്പാദിച്ച് സ്വന്തം ജന്മാനാട്ടിൽ തന്നെ ജീവിക്കാനായി ഇനിയൊരു തിരിച്ചുവരവിനുള്ള ഉദ്ദേശ്യമില്ലാതെയാണ് രാഹുൽ സ്വദേശത്തേക്ക് യാത്ര തിരിച്ചത്.

രാഹുൽ പോവുകയാണെന്ന് അറിഞ്ഞതോടെ പറമ്പൂർ പത്തൊമ്പതിലെ നാട്ടുകാരും ഒത്തുകൂടി. കേരളത്തിൽ നിന്നും സമ്പാദിച്ച പണം ഉപയോഗിച്ച് നാട്ടിൽ ട്രാക്ടർ വാങ്ങി കൃഷിയിൽ സജീവമാകാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

രാഹുലിന് പ്രദേശത്തെ ഫ്രണ്ട്സ് ക്ലബ്ബ് യാത്രയയപ്പ് നൽകി. ക്ലബ്ബ് പ്രസിഡന്റ് ഫാറൂഖ് കുരിക്കൾ, സെക്രട്ടറി ബഷീർ പുത്തങ്കുളം, മുനീർ കൊളക്കാട്ടിൽ, എ.കെ. അനസ്, ജിഷാർ കാരയിൽ, വി.കെ. നൗഫൽ, ഷംസു, റസാഖ്, കെ. അലി, എ.കെ. ഉമ്മർ, ഫിറോസ് തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version