അതിര്‍ത്തിയില്‍ ചൈന ഗ്രാമം നിര്‍മ്മിച്ചു: സൈനിക ക്യാമ്പായി പ്രവര്‍ത്തിക്കുകയാണെന്ന് സ്ഥിരീകരിച്ച് അരുണാചല്‍ സര്‍ക്കാര്‍

ഇറ്റാനഗര്‍: ചൈനീസ് കടന്നുകയറ്റം സ്ഥിരീകരിച്ച് അരുണാചല്‍ പ്രദേശ് സര്‍ക്കാര്‍.
അരുണാചല്‍ പ്രദേശില്‍ ചൈന ഗ്രാമം ഉണ്ടാക്കിയെന്ന അമേരിക്കയുടെ റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഇക്കാര്യമാണ് ഇപ്പോള്‍ അരുണാചല്‍ സര്‍ക്കാര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ചൈന ഗ്രാമം ഉണ്ടാക്കിയെന്നും ഇപ്പോഴത് സൈനിക ക്യാമ്പായി ഉപയോഗിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സത്യം വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ അപ്പര്‍ സുബന്‍സരി ജില്ലയിലെ അതിര്‍ത്തി പ്രദേശത്ത് ചൈന ഗ്രാമം നിര്‍മിച്ചതായി പെന്റഗണ്‍ യുഎസ് കോണ്‍ഗ്രസിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 2020ല്‍ തങ്ങള്‍ പ്രദേശത്ത് സര്‍വേ നടത്തിയിരുന്നുവെന്നും അന്ന് സൈനികാവശ്യത്തിനെന്ന് മനസ്സിലാക്കാവുന്ന വലിയ വീടുകള്‍ കണ്ടുവെന്നുമാണ് അപ്പര്‍ സുബന്‍സാരിയിലെ കടുകാ ഡിവിഷനില്‍ അഡീഷനല്‍ ഡെപ്യൂട്ടി കമീഷണറായ ഡിജെ ബോറ പറയുന്നത്. 1962ല്‍ ചൈന പ്രദേശം കയ്യിലാക്കുമ്പോള്‍ ചെറിയ പോസ്റ്റുകള്‍ മാത്രമാണ് അവിടെ ഉണ്ടായിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

1962 വരെ പ്രദേശത്തായിരുന്നു അവസാന ഇന്ത്യന്‍ ക്യാമ്പുണ്ടായിരുന്നത്. പിന്നീട് ഇരുരാജ്യങ്ങള്‍ക്കിടയില്‍ തര്‍ക്കം ഉടലെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ക്യാമ്പ് നാലഞ്ചു കിലോമീറ്റര്‍ പിന്നിലേക്ക് മാറ്റുകയായിരുന്നു. ചൈന അധീനതയിലാക്കിയ പ്രദേശം യഥാര്‍ത്ഥത്തില്‍ താഗിന്‍ വിഭാഗത്തിന്റേതാണ്. 2018 ല്‍ ഭൂമി കൈവശാവകാശ നിയമം ഭേദഗതി ചെയ്യുന്നത് വരെ വിവിധ ഗോത്രങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കും ഭൂമിയില്‍ പ്രത്യേക അധികാരമുണ്ടായിരുന്നു. 1914 മക്മോഹന്‍ ലൈന്‍ നിലവില്‍ വന്ന് ഇന്ത്യയുടെയും ടിബറ്റിന്റെയും അതിര്‍ത്തി നിശ്ചയിച്ചതോടെ താഗിന്‍ വിഭാഗക്കാര്‍ ഇരു രാജ്യങ്ങളിലുമായി വിഭജിക്കപ്പെട്ടു.

അതിര്‍ത്തിയിലെ തര്‍ക്കം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം ചേര്‍ന്ന കമാന്‍ഡര്‍ തല ചര്‍ച്ച വിജയിച്ചിരുന്നില്ല. ചൈന പിന്‍മാറ്റത്തിന് തയ്യാറാവാത്തതാണ് ചര്‍ച്ച പരാജയപ്പെടാന്‍ കാരണം. നയതന്ത്രതലത്തിലെ നീക്കങ്ങളും ഇപ്പോള്‍ വഴിമുട്ടി നില്‍ക്കുകയാണ്. 50,000ത്തോളം സൈനികരെയാണ് ഇന്ത്യയും യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ വിന്യസിച്ചിരിക്കുന്നത്. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലെ ഇന്ത്യ ചൈന സൈനിക വിന്യാസം ഈ ശൈത്യകാലത്തും തുടരും എന്ന് ഉറപ്പാകുകയാണ്.

Exit mobile version