മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം ചിലവിട്ട ദിനം കണ്ണുതുറപ്പിച്ചു; രാഹുല്‍ ഗാന്ധി

കൊല്ലത്ത് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം വല വീശിയും കടലില്‍ ചാടിയും ചിലവിട്ട ദിനം അഭിമാനകരവും കണ്ണുതുറപ്പിക്കുന്നതുമായിരുന്നെന്ന് രാഹുല്‍ ഗാന്ധി.

രാജ്യത്തിനായി ദിവസവും മത്സ്യത്തൊഴിലാളികള്‍ ചെയ്തുതീര്‍ക്കുന്നത് കഠിന പ്രയത്‌നമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുള്ള തന്റെ ശ്രദ്ധ പിടിച്ചു പറ്റിയ വീഡിയോയും ചിത്രങ്ങളും സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു രാഹുല്‍.

ഒരു മണിക്കൂര്‍ നേരമാണ് രാഹുല്‍ ഗാന്ധി കടലില്‍ സമയം ചെലവഴിച്ചത്. കടലില്‍ ചെന്ന് വല വിരിച്ചപ്പോള്‍ കുറച്ച് മത്സ്യം മാത്രമേ ഞങ്ങള്‍ക്ക് ലഭിച്ചുള്ളു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ അതുകൊണ്ട് സാധിച്ചതായും രാഹുല്‍ പിന്നീട് നാട്ടുകാരോട് പറയുകയുണ്ടായി.

മത്സ്യത്തൊഴിലാളികള്‍ രാജ്യത്തിന്റെ അഭിമാനമാണ്. എന്നാല്‍ അവരാരും തന്നെ തങ്ങളുടെ മക്കളെ കടലില്‍ പറഞ്ഞുവിടാന്‍ ആഗ്രഹിക്കുന്നവരല്ല. അത്രയും കഷ്ടപ്പാടാണ് അവരുടെ ജീവിതമെന്ന് മനസ്സിലായതായും രാഹുല്‍ ഗാന്ധി പറഞ്ഞു. ഇന്‍ഷുറന്‍സ് പോലുമില്ലാതെയാണ് പലരും കടലില്‍ പോയി വരുന്നതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

തൊഴിലാളികള്‍ക്കൊപ്പം ബോട്ടിലിരുന്ന് ഭക്ഷണം കഴിച്ചും വലവിരിച്ചും സമയം ചെലവഴിച്ച രാഹുല്‍, മത്സ്യത്തൊഴിലാളികളുടെ കുടുംബം, വരുമാനം, പ്രശ്നങ്ങള്‍ എന്നിവയെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തിരുന്നു.

അതേസമയം, ഇറ്റാലിയന്‍ നാവികര്‍ കൊലപ്പെടുത്തിയ മത്സ്യത്തൊഴിലാളി വാലന്റീന്റെ കുടുംബത്തെ രാഹുല്‍ഗാന്ധി സന്ദര്‍ശിക്കാതിരുന്നതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

Exit mobile version