മരുമകൾ മൂന്നാമതും ജന്മം നൽകിയത് പെൺകുഞ്ഞിന്; പാലുകൊടുക്കുന്നത് വിലക്കി അമ്മായിയമ്മ; അനുസരിക്കാതെ വന്നപ്പോൾ പിഞ്ചുകുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി

Baby | India news

മധുര: വീണ്ടും രാജ്യത്തെ ഞെട്ടിച്ച് പെൺശിശുഹത്യ. തമിഴ്‌നാട്ടിലാണ് ഏഴുമാസം പ്രായമായ പെൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. പഴനിയ്ക്കടുത്ത് ദിണ്ടിഗൽ ജില്ലയിലാണ് സംഭവം. മകന്റെ ഏഴുദിവസം പ്രായമായ കുഞ്ഞിനെ മുത്തശ്ശി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവത്തിൽ 55കാരിയായ കെ നാഗമ്മാളിനെ മധുര പോലീസ് അറസ്റ്റ് ചെയ്തു.

നാഗമ്മാളിന്റെ മകൻ ചിന്നസ്വാമിയുടേയും ശിവപ്രിയങ്കയുടേയും പിഞ്ചുകുഞ്ഞാണ് കൊല്ലപ്പെട്ടത്. ഇവരുടെ മറ്റ് രണ്ട് പെൺകുട്ടികളും ഭിന്നശേഷിക്കാരാണ്. അതിന്റെ അമർഷമാണ് നാഗമ്മാൾ നവജാത ശിശുവിനോട് തീർത്തതെന്നാണ് നാട്ടുകാർ പറയുന്നത്.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. രണ്ട് പെൺമക്കൾക്കുശേഷം വീണ്ടും മകന് പെൺകുഞ്ഞ് പിറന്നതാണ് തന്നെ പ്രകോപിപ്പിച്ചത് എന്നാണ് നാഗമ്മാളിന്റെ മൊഴി. ജനിച്ചയുടനെ തന്നെ പിഞ്ചു കുഞ്ഞിന് മുലപ്പാൽ കൊടുക്കരുതെന്ന് ഇവർ കുഞ്ഞിന്റെ അമ്മയോട് നിർദേശിച്ചിരുന്നു. പാൽ കിട്ടാതെ കുഞ്ഞ് താനെ മരിച്ചുപോകുമെന്നും ഇപ്പോൾ ഈ കുഞ്ഞ് വേണ്ട എന്നുമായിരുന്നു നാഗമ്മാളിന്റെ നിർദേശം.

എന്നാൽ മരുമകൾ ഇതുചെവിക്കൊണ്ടില്ല. അവർ കുഞ്ഞിനെ പരിപാലിച്ചതോടെ തനിക്ക് അമർഷം വർധിച്ചെന്നും മരുമകളുടെ കണ്ണ് തെറ്റിയപ്പോൾ കരയുന്ന കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും നാഗമ്മാൾ പറയുന്നു.

അതേസമയം, താൻ കുഞ്ഞിനടുത്തെത്തിയപ്പോൾ കുഞ്ഞ് ചലനമറ്റ് കിടക്കുയായിരുന്നുവെന്നാണ് ശിവപ്രിയങ്ക പോലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. കുഞ്ഞിന്റെ തലയിൽ ചതവുകളുണ്ടായിരുന്നെന്നും കുഞ്ഞ് കുറച്ചധികം സമയമായി പട്ടിണിയായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തി.

Exit mobile version