‘സദ് യുഗത്തില്‍’ മക്കള്‍ പുനര്‍ജനിക്കുമെന്ന് വിശ്വാസം: പെണ്‍മക്കളെ ദാരുണമായി കൊലപ്പെടുത്തി കുടുംബം, പ്രിന്‍സിപ്പള്‍മാരായ മാതാപിതാക്കള്‍ അറസ്റ്റില്‍

ഹൈദരാബാദ്: സദ് യുഗത്തില്‍ മക്കള്‍ പുനര്‍ജനിക്കുമെന്ന വിശ്വാസത്തില്‍ പെണ്‍മക്കളെ ദാരുണമായി കൊലപ്പെടുത്തി കുടുംബം. ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ മടനപ്പള്ളി ശിവനഗര്‍ മേഖലയിലെ താമസക്കാരായ അലേഖ്യ (27), സായ് ദിവ്യ (22) എന്നിവരാണ് അമിതവിശ്വാസത്തിന്റെ പേരില്‍ കൊല്ലപ്പെട്ടത്. മാതാപിതാക്കളായ പത്മജ, പുരുഷോത്തം നായിഡു എന്നിവര്‍ പിടിയിലായി.

അമ്മ മക്കളെ ഡംബെല്‍ ഉപയോഗിച്ച് അടിച്ച് കൊലപ്പെടുത്തി എന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. എന്നാല്‍ സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ എത്തുമ്പോള്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്.

അന്ധവിശ്വാസത്തിന് അടിമകളാണ് പത്മജയും ഭര്‍ത്താവുമെന്നാണ് പൊലീസ് പറയുന്നത്. ഞായറാഴ്ച രാത്രി കലിയുഗം അവസാനിക്കുമ്പോള്‍ മക്കള്‍ ജീവനോടെ തിരിച്ചുവരുമെന്നായിരുന്നു ഇവരുടെ വിശ്വാസം. അതിനാണ് കൊല നടത്തിയതെന്ന് പത്മജ പോലീസിനോട് പറഞ്ഞു.

കൊല്ലപ്പെട്ട യുവതികളുടെ പിതാവ് എന്‍ പുരുഷോത്തം നായിഡു മാടനപ്പള്ളി ഗവ.വുമണ്‍സ് കോളജ് വൈസ് പ്രിന്‍സിപ്പളാണ്. അമ്മ പത്മജ ഒരു സ്വകാര്യ സ്ഥാപനത്തിലെ പ്രിന്‍സിപ്പാളുമാണ്. കൊല്ലപ്പെട്ട മൂത്തമകള്‍ അലേഖ്യ ഭോപ്പാലിലെ കോളജില്‍ നിന്നും ബിരുദാനന്തര ബിരുദ പഠനം നടത്തി വരികയാണ്. ഇളയമകള്‍ സായ് ദിവ്യ ബിബിഎ പഠനം പൂര്‍ത്തിയാക്കിയ ശേഷം എആര്‍ റഹ്‌മാന്‍ മ്യൂസിക് അക്കാദമിയില്‍ നിന്നും സംഗീതം പഠിച്ചു വരികയായിരുന്നു.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് ഇവര്‍ ശിവനഗറില്‍ പുതിയതായി പണി കഴിപ്പിച്ച വീട്ടിലേക്ക് മാറിയത്. പ്രദേശവാസികള്‍ പറയുന്നതനുസരിച്ച് ഇവരുടെ വീട്ടില്‍ പൂജാ ചടങ്ങുകള്‍ പതിവായിരുന്നു. പ്രത്യേകിച്ചും ഞായറാഴ്ചകളില്‍. കൊലപാതകം നടന്ന ദിവസവും ഇവിടെ പൂജ അരങ്ങേറിയിരുന്നു. അന്നേ ദിവസം ഇവിടെ നിന്നും വിചിത്രമായ ശബ്ദങ്ങളും കരച്ചിലും കേട്ടതായി പ്രദേശവാസികളും മൊഴി നല്‍കിയിട്ടുണ്ട്.

പൂജകള്‍ക്ക് ശേഷം ഇളയ മകള്‍ സായ് വിദ്യയെ ഒരു ത്രിശൂലം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൂത്തമകള്‍ അലേഖ്യയെ വായില്‍ ഒരു ചെമ്പ് പാത്രം തിരുകി വച്ച ശേഷം വ്യായാമത്തിനുപയോഗിക്കുന്ന ഡംബെല്‍ ഉപയോഗിച്ച് മര്‍ദ്ദിച്ചാണ് അലേഖ്യയെ കൊലപ്പെടുത്തിയത്.

കൊലപാതകങ്ങള്‍ നടത്തിയ ശേഷം പിതാവ് തന്നെ ഒരു സുഹൃത്തിനെ വിളിച്ച് വിവരം പറഞ്ഞു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ ഇയാള്‍ നല്‍കിയ വിവരം വച്ചാണ് പൊലീസും സംഭവസ്ഥലത്തെത്തിയത് എന്നാണ് ഡിഎസ്പി രവി മനോഹര ചരി അറിയിച്ചത്.

പൂജാമുറിയില്‍ നിന്നാണ് ഒരു മകളുടെ മൃതദേഹം കണ്ടെത്തുന്നത്. മറ്റൊരു മുറിയില്‍ നിന്നും രണ്ടാമത്തെ മകളുടെതും. ചുവന്ന തുണി കൊണ്ട് പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹങ്ങള്‍.

പുരുഷോത്തമിന്റെ കുടുംബം കടുത്ത വിശ്വാസികളായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ‘മക്കള്‍ വീണ്ടും ജീവിച്ച് വരുമെന്ന വിശ്വാസത്തിലാണ് അവര്‍ കൊല നടത്തിയതെന്നാണ് പ്രാഥമികമായി കരുതുന്നത്. കുട്ടികളുടെ മാതാവ് പത്മജയാണ് കൊലപാതകങ്ങള്‍ നടത്തിയത്. പിതാവും ഈ സമയം അവര്‍ക്കൊപ്പമുണ്ടായിരുന്നു’. പൊലീസ് വ്യക്തമാക്കി. ഇവര്‍ മാനസികപ്രശ്‌നങ്ങള്‍ ഉള്ളവരാണെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നുണ്ട്.

കൃത്യം നടത്തിയത് എന്തിനെന്ന് ചോദ്യത്തിന് ‘കലിയുഗം’ അവസാനിച്ച് ‘സദ് യുഗം’ പിറക്കുമ്പോള്‍ മക്കള്‍ ജീവനോടെ മടങ്ങിവരും എന്ന വിചിത്രമായ മറുപടിയാണ് മാതാവായ പത്മജ നല്‍കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Exit mobile version