ജനങ്ങള്‍ ഗിനിപ്പന്നികളല്ല! മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കൊവാക്‌സിന്‍ ഉപയോഗിക്കരുത്; വിമര്‍ശനവുമായി മനീഷ് തിവാരി

ന്യൂഡല്‍ഹി: മരുന്ന് പരീക്ഷണം നടത്താന്‍ ജനങ്ങള്‍ ഗിനിപ്പന്നികളല്ല, മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കൊവിഡ് പ്രതിരോധത്തിനുള്ള കൊവാക്‌സിന്‍ ഉപയോഗിക്കരുതെന്ന് കോണ്‍ഗ്രസ് വക്താവ് മനീഷ് തിവാരി.

വാക്സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് ഏത് വാക്സിന്‍ വേണമെന്ന് തിരഞ്ഞെടുക്കാന്‍ സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് മനീഷ് തിവാരിയുടെ പ്രതികരണം.

അടിയന്തര ഉപയോഗത്തിന് കോവാക്സിന് സര്‍ക്കാര്‍ അനുമതി നല്‍കിട്ടുണ്ട്. ഏതുവാക്സിന്‍ കുത്തിവെക്കണമെന്ന് തീരുമാനിക്കാന്‍ വാക്സിന്‍ സ്വീകരിക്കുന്ന ആള്‍ക്ക് സാധിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. കോവാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇതുവരെ പൂര്‍ത്തിയായിട്ടില്ല.

ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്കില്‍ നിന്നും ഒരു ഡോസിന് 206 രൂപ എന്ന നിരക്കിലാകും കേന്ദ്രം കൊവാക്‌സിന്‍ വാങ്ങുന്നത്. ഓര്‍ഡര്‍ നല്‍കിയ അന്‍പത്തിയഞ്ച് ലക്ഷം ഡോസില്‍ പതിനാറര ലക്ഷം ഡോസ് ഭാരത് ബയോടെക്ക് സൗജന്യമായി നല്‍കും. സ്ഫുട്‌നിക്, കാഡില്ലയടക്കം പരീക്ഷണ ഘട്ടത്തിലിരിക്കുന്ന നാല് വാക്‌സിനുകള്‍ക്കും വൈകാതെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കൊവിഡ് പ്രതിരോധത്തിനായി കൊവിഷീല്‍ഡ് വാക്‌സിനേഷനും കൊവാക്‌സിനുമാണ് നല്‍കുന്നത്.

അതിനിടെ, ആദ്യഘട്ട കൊവിഡ് വാക്‌സിന്‍ ഇന്ന് കേരളത്തിലെത്തി. ഗോ എയര്‍ വിമാനത്തില്‍ കൊച്ചിയിലേക്കാണ് ആദ്യഘട്ട വാക്‌സിന്‍ എത്തിയത്.

Exit mobile version