മധ്യപ്രദേശില്‍ ഒന്നു പയറ്റാന്‍ ബിജെപിയും; സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കും; പ്രതീക്ഷ ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലില്‍!

മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ബിജെപിയും.

ഭോപ്പാല്‍: തെരഞ്ഞെടുപ്പ് ഫലത്തിലെ അനിശ്ചിതത്വം നീങ്ങിയതോടെ മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കുമെന്ന് ബിജെപിയും. സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ മധ്യപ്രദേശ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 230 നിയോജകമണ്ഡലങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ അന്തിമഫലം ഫലം ബുധനാഴ്ച രാവിലെയാണ് പുറത്തെത്തിയത്.

114 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായപ്പോള്‍ ബിജെപിക്ക് നേടാനായത് 109 സീറ്റുകളാണ്. ബിഎസ്പി രണ്ട് സീറ്റുകളും സമാജ്വാദി പാര്‍ട്ടി ഒരു സീറ്റും സ്വതന്ത്രര്‍ നാലു സീറ്റുകളിലുമാണ് വിജയിച്ചത്. ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസിനും ഭരിക്കാനുള്ള ഭൂരിപക്ഷം എത്തിപ്പിടിക്കാനായില്ല. എന്നാല്‍ ബിഎസ്പിയുടെയും എസ്പിയുടെയും സ്വതന്ത്രരുടെയും പിന്തുണ ഉറപ്പിച്ച കോണ്‍ഗ്രസിന് നിലവില്‍ 117 സീറ്റിന്റെ ഭൂരിപക്ഷമുണ്ട്. 116 എന്ന കേവല ഭൂരിപക്ഷം കടന്നതിനാല്‍ തന്നെ കോണ്‍ഗ്രസ് സഖ്യം ഭരണ പ്രതീക്ഷയിലുമാണ്.

സര്‍ക്കാര്‍ രൂപവത്കരണത്തിന് അവകാശവാദമുന്നയിക്കാനുള്ള കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടുകൊണ്ട് ചൊവ്വാഴ്ച രാത്രി തന്നെ കോണ്‍ഗ്രസ് ഗവര്‍ണര്‍ക്ക് കത്തു നല്‍കിയിരുന്നു. എന്നാല്‍ അന്തിമഫലം വരെ കാത്തിരിക്കാനായിരുന്നു ഗവര്‍ണര്‍ എം ആനന്ദിബെന്‍ പട്ടേലിന്റെ മറുപടി. തിരഞ്ഞെടുപ്പിന് മുന്‍പ് സഖ്യമില്ലാതെ മത്സരിച്ചതിനാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കുക. അതിനാല്‍ തന്നെ സ്വതന്ത്രരുടെ പിന്തുണ തങ്ങള്‍ക്കുണ്ടെന്ന വാദമുയര്‍ത്തി കോണ്‍ഗ്രസും പിന്നാലെ ബിജെപിയും രംഗത്തെത്തിയിരിക്കുകയാണ്. ഗുജറാത്ത് മുന്‍മുഖ്യമന്ത്രിയും പ്രധാനമന്ത്രി മോഡിയുടെ അടുത്തയാളുമായ ആനന്ദി ബെന്‍ പട്ടേലാണ് മധ്യപ്രദേശ് ഗവര്‍ണര്‍. ഇതും ബിജെപിയുടെ പ്രതീക്ഷയ്ക്ക് ആക്കം കൂട്ടുകയാണ്.

Exit mobile version