പ്രധാനമന്ത്രി മോഡി അഴിമതിക്കാരനെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞു; വിജയം കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സമര്‍പ്പിക്കുന്നെന്നും രാഹുല്‍

കര്‍ഷകരോടുള്ള വാഗ്ദാനങ്ങള്‍ മോഡി പാലിച്ചില്ല. ഇതെല്ലാമാണ് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചതെന്നും രാഹുല്‍ പറഞ്ഞു.

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡി അഴിമതിക്കാരനാണെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ഷകരോടുള്ള വാഗ്ദാനങ്ങള്‍ മോഡി പാലിച്ചില്ല. ഇതെല്ലാമാണ് കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിച്ചതെന്നും രാഹുല്‍ പറഞ്ഞു. മോഡിക്കെതിരായ ജനവികാരമാണ് തെരഞ്ഞെടുപ്പ് ഫലം. തെരഞ്ഞെടുപ്പ് വിജയത്തോടെ കോണ്‍ഗ്രസിന്റെ ഉത്തരവാദിത്തം വര്‍ധിച്ചു. ഈ വിജയം കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും സമര്‍പ്പിക്കുകയാണ്. ഇതോടെ പ്രതിപക്ഷ ഐക്യം ശക്തിപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാനാവില്ല. മാറ്റത്തിനുള്ള സമയമായെന്നും അദ്ദേഹം വ്യക്തമാക്കി.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുദ്രാവാക്യം കര്‍ഷക പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും ആയിരിക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ വന്നാല്‍ കാര്‍ഷിക കടം എഴുതി തള്ളും. വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരായ പരാതികള്‍ നിലനില്‍ക്കുന്നു. ഇക്കാര്യങ്ങള്‍ അഭിസംബോധന ചെയ്യണം. വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേട് സാധ്യമാണ്. ഇത് ആഗോളതലത്തില്‍ ഉന്നയിക്കപ്പെട്ടതാണെന്നും രാഹുല്‍ പറഞ്ഞു.

മധ്യപ്രദേശ്, രാജസ്ഥാന്‍, തെലങ്കാന, ഛത്തീസ്ഗഢ്, മിസോറാം തുടങ്ങിയ അഞ്ച് സസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി നേരിടുകയും ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് വന്‍ മുന്നേറ്റം കാഴ്ചവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് രാഹുല്‍ ബിജെപിയേയും മോഡിയേയും രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയത്.

Exit mobile version