രാജസ്ഥാനില്‍ താമര കരിഞ്ഞു; കോണ്‍ഗ്രസ് അധികാരത്തിലേക്ക്

രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു.

ജോധ്പുര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ സെമിഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഞ്ച് സംസ്ഥാനങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്. രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണമുറപ്പിച്ചു. 97 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുമ്പോള്‍ 77 സീറ്റുകളില്‍ മാത്രമാണ് ബിജെപി മുന്നിലുള്ളത്. 17 സീറ്റുകളില്‍ മറ്റുള്ളവര്‍. 101 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമായിട്ടുള്ളത്. ബിഎസ്പി ഒരു സീറ്റില്‍ മുന്നേറുന്നുണ്ട്. കോണ്‍ഗ്രസ് നേതാക്കളായ സച്ചില്‍ പൈലറ്റ്, അശോക് ഗലോട്ട് തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളും മുഖ്യമന്ത്രി വസുന്ധര രാജെയും മുന്നിട്ടുനില്‍ക്കുന്നുണ്ട്. രാജസ്ഥാന്‍ കോണ്‍ഗ്രസ് തൂത്തുവാരുമെന്നുമാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം. ഇത് ഏറെക്കുറെ ശരിവെയ്ക്കുന്നതാണ് ആദ്യ ഫലങ്ങള്‍.

ജാതി രാഷ്ട്രീയം പിന്തുടരുന്ന രാജസ്ഥാനില്‍ 2013-ല്‍ മൃഗീയ ഭൂരിപക്ഷത്തോടെയാണ് വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ അധികാരത്തിലേറിയത്. 163 സീറ്റുകളാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയത്. അതേസമയം കോണ്‍ഗ്രസ് വെറും 21 സീറ്റുകളിലേക്ക് ഒതുങ്ങിയിരുന്നു. എന്നാല്‍, കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കടുത്ത സര്‍ക്കാര്‍ വിരുദ്ധവികാരം ഇവിടെ ഉണ്ടായിട്ടുണ്ടെന്നാണ് ഫലസൂചനകള്‍ നല്‍കുന്നത്.

അതേസമയം, വോട്ടെണ്ണല്‍ തുടങ്ങി ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ അഞ്ചു സംസ്ഥാനങ്ങളിലും കടുത്ത മല്‍സരം തുടരുകയാണ്.

Exit mobile version