വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏത് റൂട്ടിലും ബസ് ഓടിക്കാം; അനുമതി നൽകി സർക്കാർ; കെഎസ്ആർടിസിക്ക് തിരിച്ചടി

ksrtc| Kerala news

ന്യൂഡൽഹി: ഇനി മുതൽ വൻകിട കമ്പനികൾക്ക് പെർമിറ്റില്ലാതെ ഏതു റൂട്ടിലും ബസ്സോടിക്കാം. ഇതിനായി അനുമതി നൽകി കേന്ദ്രസർക്കാർ ഉത്തരവിറക്കി. ഓൺലൈൻ ടാക്‌സി സർവീസിന് മാർഗനിർദേശങ്ങൾ ഇറക്കിയതിന്റെ കൂട്ടത്തിലാണ് കേന്ദ്രത്തിന്റെ പുതിയ നിർദേശവും.

ഇതോടൊപ്പം, കേന്ദ്രനിയമത്തിന് അനുസൃതമായി സംസ്ഥാന സർക്കാരിനും ഉത്തരവിറക്കാമെന്നും കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിൽ പറയുന്നു. ഓൺലൈനിൽ വാടക ഈടാക്കി ഏതുതരം വാഹനങ്ങളും ഓടിക്കാം. ഇതോടെ ഓൺലൈൻ ടിക്കറ്റ് നൽകി ഏത് റൂട്ടിലും ബസ് ഓടിക്കാനുള്ള അവകാശവും അഗ്രഗേറ്റർ ലൈസൻസ് സമ്പാദിക്കുന്നവർക്ക് കിട്ടും.

അതേസമയം, ഓൺലൈൻ ടാക്‌സി സർവീസിനെ നിയന്ത്രിക്കാൻ ഇറക്കിയ ഭേദഗതി യഥാർത്ഥത്തിൽ കെഎസ്ആർടിസി ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ കുത്തക തകർക്കുന്നതാണ്. നിലവിലെ അന്തഃസംസ്ഥാന ആഡംബര ബസ് ഓപ്പറേറ്റർമാർക്ക് അഗ്രഗേറ്റർ ലൈസൻസ് എടുത്താൽ ഏത് റൂട്ടിലും ടിക്കറ്റ് നൽകി യാത്രക്കാരെ കൊണ്ടുപോകാൻ കഴിയും ഇതാണ് ഈ ഭേദഗതിയുടെ ന്യൂനത..

മുമ്പ് തന്നെ, കേന്ദ്ര മോട്ടോർവാഹന നിയമഭേദഗതി പ്രകാരം ഓൺലൈൻ ടാക്‌സികളെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണമെന്ന ആവശ്യം ഉയർന്നിരുന്നു. ഇതുപ്രകാരമാണ് കേന്ദ്ര നടപടി.

ഓൺലൈൻ ടാക്‌സികൾ ഉപയോഗിക്കുന്ന ഓൺലൈൻ ബുക്കിങ് സംവിധാനങ്ങളും മൊബൈൽ ആപ്പും നിയമവിധേയമാക്കി. ഡ്രൈവർമാർക്കും ജീവനക്കാർക്കും യോഗ്യതയും നിഷ്‌കർഷിച്ചു. ഇവർക്ക് പരിശീലന ക്ലാസുകളും ആരോഗ്യ പരിശോധനയും ഇൻഷുറൻസും നിർബന്ധമാണ്. യാത്രക്കാർക്ക് ഡ്രൈവർമാരുടെ സേവനങ്ങൾ വിലയിരുത്തി മാർക്കിടാനും അവസരമൊരുങ്ങുന്നുണ്ട്.

Exit mobile version