ജീവനെടുത്ത് കോവിഡ്; ചികിത്സയിലായിരുന്ന ബിജെപി എംഎല്‍എ മരിച്ചു

ജയ്പുര്‍: കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ബി.ജെ.പി. എംഎല്‍എ മരിച്ചു. രാജസ്ഥാനിലെ രാജസമന്ദ് എംഎല്‍എ കിരണ്‍ മഹേശ്വരിയാണ് മരിച്ചത്. അമ്പത്തിയൊമ്പത് വയസ്സായിരുന്നു. ചികിത്സയില്‍ ശനിയാഴ്ച രാത്രിയോടെ ആയിരുന്നു മരണം.

കോവിഡ് പോസിറ്റീവ് ആയതിനു പിന്നാലെ കുറച്ചു ദിവസങ്ങളായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ കിരണ്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിന് പിന്നാലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

രാജസമന്ദ് മണ്ഡലത്തില്‍നിന്ന് മൂന്നു തവണ കിരണ്‍ വിജയിച്ചിട്ടുണ്ട്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹലോത്ത്, രാജസ്ഥാന്‍ സ്പീക്കര്‍ സി.പി. ജോഷി തുടങ്ങിയവര്‍ കിരണ്‍ മഹേശ്വരിയുടെ മരണത്തില്‍ ആദരാഞ്ജലികള്‍ അറിയിച്ചു.

രാജ്യത്ത് ഇരുപത്തിനാലു മണിക്കൂറിനിടെ രേഖപ്പെടുത്തിയ കോവിഡ് മരണത്തിന്റെ 71 ശതമാനവും കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, ഹരിയാണ, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഡല്‍ഹി എന്നിവയാണ് മറ്റുള്ളവ.
ആകെ 496 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ മരണം ഡല്‍ഹിയിലാണ്. അവിടെ 89 പേര്‍ മരിച്ചു. മഹാരാഷ്ട്ര (88), ബംഗാള്‍ (52) എന്നിവയാണ് തൊട്ടുപിന്നില്‍. ഹരിയാണ30, പഞ്ചാബ്28, കേരളം25, ഉത്തര്‍പ്രദേശ് 21, രാജസ്ഥാന്‍19 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ മരണനിരക്ക്.

24 മണിക്കൂറിനിടെ രേഖപ്പെടുത്തിയ ആകെ കോവിഡ് കേസുകളുടെ 70.43 ശതമാനവും കേരളമുള്‍പ്പെടെയുള്ള എട്ടു സംസ്ഥാനങ്ങളിലാണ്. മഹാരാഷ്ട്ര, ബംഗാള്‍, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, ഹരിയാണ, ഛത്തീസ്ഗഢ്, ഡല്‍ഹി എന്നിവയാണ് മറ്റു സംസ്ഥാനങ്ങള്‍.

Exit mobile version