ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി പമ്പിംഗ് നിര്‍ത്തി, കര്‍ഷകരുടെ രക്ഷകനായ വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ്, ഒരു നിയമവരുദ്ധ പ്രവര്‍ത്തനവും ഞാന്‍ ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി നവ്ദീപ്

ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിനിടെ വാഹനത്തിന് മുകളില്‍ ചാടിക്കയറി സാഹസികമായി പമ്പിംഗ് നിര്‍ത്തിവെച്ച വിദ്യാര്‍ത്ഥിക്കെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കര്‍ഷക മാര്‍ച്ചിന് നേതൃത്വം നല്‍കുന്ന നേതാക്കളിലൊരാളായ ജയ് സിംഗിന്റെ മകനായ നവ്ദീപിനെതിരെയാണ് പേലീസ് കേസെടുത്തിരിക്കുന്നത്.

നിലവില്‍ നവ്ദീപിനെതിരെ പോലീസ് ചുമത്തിയിരിക്കുന്ന വധശ്രമ കേസ് ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. അതിന് പുറമെയാണ് കലാപശ്രമത്തിനും കൊവിഡ് പ്രോട്ടോകോള്‍ ലംഘിച്ചെന്നും ആരോപിച്ച് മറ്റ് രണ്ട് കേസുകള്‍ കൂടി ചുമത്തിയത്.

സംഭവത്തില്‍ നവ്ദീപ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചു. താന്‍ വെള്ളം പമ്പ് ചെയ്യുന്ന ആ ടാപ്പ് അടച്ചതല്ലാതെ ഒരു ക്രിമിനല്‍ പ്രവര്‍ത്തനവും നടത്തിയിട്ടില്ലെന്ന് നവ്ദീപ് പറയുന്നു. ‘പഠനത്തിന് ശേഷം കര്‍ഷക നേതാവുകൂടിയായ അച്ഛന്റെ കൂടെ കൃഷിയില്‍ സഹായിച്ചു വരികയാണ്. ഒരു നിയമവരുദ്ധ പ്രവര്‍ത്തനവും ഞാന്‍ ചെയ്തിട്ടില്ല’ നവ്ദീപ് കൂട്ടിച്ചേര്‍ത്തു.

‘പ്രതിഷേധത്തിനിടെ പ്രയോഗിച്ച ജലപീരങ്കി കര്‍ഷകരെ ബുദ്ധിമുട്ടുണ്ടാക്കുന്നത് കണ്ടപ്പോള്‍ അത് ഓഫ് ചെയ്യുകയാണ് ഉണ്ടായത്. സമാധാനപരമായി പ്രതിഷേധിക്കുന്ന ഞങ്ങള്‍ ദല്‍ഹിയിലേക്ക് കടക്കാന്‍ അനുവദിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. സര്‍ക്കാരിനെ ചോദ്യം ചെയ്യാനുള്ള എല്ലാ അവകാശവും ഞങ്ങള്‍ക്കുണ്ട്. ജനവിരുദ്ധ നയം സര്‍ക്കാര്‍ പാസാക്കിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള അവകാശവുമുണ്ട്,’ നവ്ദീപ് പറഞ്ഞു.

ദല്‍ഹി ചലോ പ്രതിഷേധത്തിനിടെ ഹരിയാനയില്‍ വെച്ച് പൊലീസ് കര്‍ഷക മാര്‍ച്ച് തടഞ്ഞ് ജലപീരങ്കി പ്രയോഗിക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയായ നവ്ദീപ് വാഹനത്തിനു മേല്‍ കയറി വെള്ളം പമ്പ് ചെയ്യുന്ന ടാപ് ഓഫാക്കിയത്.

Exit mobile version