മുംബൈയിലും ഡല്‍ഹിയിലും ബോംബ് ഭീഷണി; വ്യാപക പരിശോധന, സന്ദേശമെത്തിയത് പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്ന്

പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്.

മുംബൈ: മുംബൈ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് വ്യാപക പരിശോധന. മുംബൈ നഗരത്തിലെ ആറ് സ്ഥലങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം ഇന്ന് രാവിലെയാണ് പോലീസ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. തുടര്‍ന്ന് പോലീസ് വിവിധ സംഘങ്ങളായി തിരിഞ്ഞ് നഗരത്തില്‍ വ്യാപക പരിശോധനയാണ് നടത്തുന്നത്.

സന്ദേശം അയച്ച വ്യക്തിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും അയാള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി തുടരുകയാണെന്നും പോലീസ് വ്യക്തമാക്കി. പാകിസ്ഥാന്‍ കോഡുള്ള മൊബൈല്‍ നമ്പറില്‍ നിന്നാണ് ഭീഷണി സന്ദേശം എത്തിയത്. സംഭവത്തില്‍ മുംബൈ ക്രൈംബ്രാഞ്ചും മഹാരാഷ്ട്ര എടിഎസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ALSO READ പ്രായമായ അമ്മയെ ഒഴിവാക്കി ഫ്‌ലാറ്റ് കയ്യേറി: മകനെയും ഭാര്യയെയും ഒഴിപ്പിച്ച് ഹൈക്കോടതി

അതേസമയം, ദില്ലി ആര്‍കെ പുരത്തെ ദില്ലി പബ്ലിക്ക് സ്‌കൂളിലും ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്ന സന്ദേശം വന്നതിനെ തുടര്‍ന്ന് പരിശോധന നടത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സ്‌കൂള്‍ അധികൃതര്‍ക്ക് ഭീഷണി സന്ദേശം എത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സ്ഥലത്തെത്തിയ പൊലീസ് സ്‌കൂളില്‍ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. എന്നാല്‍ സംശയാസ്പദമായ ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു.

Exit mobile version