പ്രായമായ അമ്മയെ ഒഴിവാക്കി ഫ്‌ലാറ്റ് കയ്യേറി: മകനെയും ഭാര്യയെയും ഒഴിപ്പിച്ച് ഹൈക്കോടതി

മുംബൈ: പ്രായമായ അമ്മയെ ഒഴിവാക്കി ഫ്‌ലാറ്റ് കയ്യേറിയ മകനേയും ഭാര്യയെയും ഒഴിപ്പിച്ച് ബോംബെ ഹൈക്കോടതി. വാര്‍ധക്യകാലം ചെലവഴിക്കുകയെന്നത് വലിയ വെല്ലുവിളിയായി മാറിയിട്ടുള്ളതിനാല്‍ മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കണം കോടതി നിരീക്ഷിച്ചു. മുളുണ്ട് നിവാസിയായ ലക്ഷ്മി ചന്ദന്‍ശിവിന്റെ മകന്‍ ദിനേശ് ചന്ദന്‍ശിവിനോടാണ് അമ്മയുടെ ഫ്‌ലാറ്റ് ഒഴിയാന്‍ കോടതി നിര്‍ദേശിച്ചത്.

കുടുംബം അവരെ പരിപാലിക്കുന്നില്ല. മുതിര്‍ന്നവര്‍, പ്രത്യേകിച്ച് വിധവകളായ സ്ത്രീകള്‍ ജീവിതസായാഹ്നം തനിച്ചു കഴിച്ചുകൂട്ടാന്‍ നിര്‍ബന്ധിതരാകുന്നു. വൈകാരിക അവഗണനയും ശാരീരികവും സാമ്പത്തികവുമായ പിന്തുണയുടെ അഭാവവുമാണ് അവര്‍ അനുഭവിക്കുന്നത്- ജസ്റ്റിസുമാരായ ഗിരീഷ് കുല്‍ക്കര്‍ണിയും ഫിര്‍ദോഷ് പൂണിവല്ലയും ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

2015ല്‍ ലക്ഷ്മിയുടെ ഭര്‍ത്താവിന്റെ മരണശേഷമാണ് ഇളയ മകനും ഭാര്യയും വീട്ടില്‍ വന്ന് താമസം ആരംഭിച്ചത്. പിന്നീട് ഇവരെ പീഡിപ്പിക്കുകയും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. നിലവില്‍ വയോധിക മൂത്തമകനോടൊപ്പം താനെയിലാണ് താമസം. വയോധികയുടെ പരാതി പരിഗണിച്ച സീനിയര്‍ സിറ്റിസന്‍സ് മെയിന്റനന്‍സ് ട്രൈബ്യൂണല്‍ മകനോടും ഭാര്യയോടും വീട് ഒഴിയാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ മകന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. 15 ദിവസത്തിനകം വീട് ഒഴിയാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

Exit mobile version