‘സൗഹൃദം ലൈംഗികബന്ധത്തിനുള്ള സമ്മതമല്ല’ : ബോംബെ ഹൈക്കോടതി

Bombay HC | Bignewslive

മുംബൈ : ഒരു പെണ്‍കുട്ടി ആണ്‍കുട്ടിയുമായി സൗഹൃദത്തിലാണെന്ന് കരുതി അത് ലൈംഗിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗ കേസില്‍ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പ്രതി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസില്‍ ആശിഷ് ചക്കോര്‍ എന്നയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജസ്റ്റിസ് ഭാരതി ഡാംഗ്‌റെ തള്ളിയത്. താന്‍ ആശിഷുമായി സൗഹൃദത്തിലായിരുന്നുവെന്നും വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നുമാണ് യുവതിയുടെ പരാതി. ഗര്‍ഭിണിയായതോടെ ഇയാള്‍ പിന്മാറിയെന്നും ഇവര്‍ പറയുന്നു. എന്നാല്‍ യുവതിയുടെ സമ്മതപ്രകാരമായിരുന്നു ലൈംഗികബന്ധം എന്നാണ് പ്രതിയുടെ വാദം.

ഒരു പെണ്‍കുട്ടിയുടെ സൗഹൃദം പുരുഷന് ലൈംഗിക ബന്ധം സ്ഥാപിക്കാനുള്ള ലൈസന്‍സല്ലെന്ന് ചൂണ്ടിക്കാട്ടിയ ജഡ്ജി ശാരീരിക ബന്ധത്തിന് സമ്മതം നല്‍കാന്‍ യുവതി നിര്‍ബന്ധിതയായോ എന്ന കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കി.

Exit mobile version