അതിശയം തന്നെ, ഒരു പേരുപോലുമില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നത്; ബിജെപി നേതാവിന്റെ പരാമര്‍ശത്തെ പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി പാകിസ്താനും ചൈനയ്ക്കുമെതിരെ യുദ്ധം നയിക്കുമെന്ന് കഴിഞ്ഞദിവസം ഉത്തര്‍പ്രദേശ് ബി.ജെ.പി അധ്യക്ഷന്‍ പറഞ്ഞിരുന്നു. ഇൗ പരാമര്‍ശത്തെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.

ഒരു പേരുപോലുമില്ലാത്ത ശത്രുവിനെതിരെയാണോ പ്രധാനമന്ത്രി യുദ്ധം ചെയ്യാന്‍ പോകുന്നതെന്നായിരുന്നു ശശി തരൂര്‍ ചോദിച്ചത്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടിയെന്ന് ശശി തരൂര്‍ പരിഹസിച്ചു.

”ഇത് അതിശയകരമായിരിക്കുന്നു. ആരാണ് നമ്മുടെ രാജ്യത്ത് അതിക്രമിച്ചു കയറിയതെന്ന് പോലും ഇതുവരെ പ്രധാനമന്ത്രി പറഞ്ഞിട്ടില്ല. അങ്ങനൊരാള്‍ പേരില്ലാത്ത ഒരു ശത്രുവിനെതിരെ യുദ്ധം നയിക്കാന്‍ പോകുകയാണ്. അതും അദ്ദേഹത്തിന്റെ തന്നെ അഭിപ്രായത്തില്‍ ഇതുവരെ ആരും കടന്നുകയറിയിട്ടില്ലാത്ത പ്രദേശത്തിന് വേണ്ടി” ശശി തരൂര്‍ പറഞ്ഞു.

പാകിസ്താനും ചൈനയുമായി എന്നാണ് യുദ്ധം ആരംഭിക്കേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി തീരുമാനിച്ചെന്നായിരുന്നു യുപി ബി.ജെ.പി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ് പറഞ്ഞിരുന്നത്. ബിജെപി നേതാവിന്റെ പരാമര്‍ശം അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ രൂപപ്പെടാന്‍ ഇടയാക്കിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

Exit mobile version