കുമിളയ്ക്കുള്ളിലാണ് രാഹുല്‍ ഗാന്ധി, ഇനിയെങ്കിലും ഉണരണം; രാഹുലിനെതിരെ തുറന്നടിച്ച് ഖുശ്ബു

ചെന്നൈ : കുമിളയ്ക്കുള്ളിലാണ് രാഹുല്‍ ഗാന്ധിയെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ല, സീനിയര്‍ ജേര്‍ണലിസ്റ്റ് കാവേരി ബൊംസായി എന്നിവരുമായി നടത്തിയ അഭിമുഖത്തിലാണ് ഖുശ്ബു കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുലിനെതിരെ തുറന്നടിച്ചത്.

കുമിളയ്ക്കുള്ളിലാണ് രാഹുല്‍ ഗാന്ധി. അതിനെ ചുറ്റിയുള്ള സംഘത്തിന് നടുവിലാണ് രാഹുല്‍. ഇനിയെങ്കിലും രാഹുല്‍ ഉണരണമെന്നും, പാര്‍ട്ടിയില്‍ വര്‍ധിച്ചു വരുന്ന അസംതൃപ്തിയെക്കുറിച്ച് മനസ്സിലാക്കുമെന്നുമാണ് താന്‍ വിചാരിക്കുന്നതെന്നും ഖുശ്ബു അഭിമുഖത്തിനിടെ പറഞ്ഞു.

കോണ്‍ഗ്രസില്‍ പ്രീതിപ്പെടുത്തല്‍ രാഷ്ട്രീയമാണ് നടക്കുന്നത്. രാഹുലിനെ ചുറ്റിപ്പറ്റിയുള്ള കുമിള ഒട്ടും സുതാര്യമല്ല. പാര്‍ട്ടിയില്‍ എല്ലാം ഭദ്രമെന്ന് ചുറ്റുമുള്ള വൃന്ദം രാഹുലിനെ ധരിപ്പിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചുകൊണ്ടുള്ള രാജിക്കത്ത് ഫെബ്രുവരിയില്‍ തന്നെ തയ്യാറാക്കിയിരുന്നു.

എന്നാല്‍ സോണിയാഗാന്ധിയെ നേരില്‍ കാണാന്‍ സാധിക്കാത്തതിനാല്‍ കൈമാറിയില്ല. താന്‍ മാത്രമല്ല, തന്നെപ്പോലെ നിരവധി അസംതൃപ്തര്‍ കോണ്‍ഗ്രസിലുണ്ട്. ഒതുക്കപ്പെട്ട ഇവര്‍ തുറന്നുപറയാനുള്ള ധൈര്യമില്ലാതെ കഴിയുകയാണ്. രാജിവെച്ച തന്നെ അഭിനന്ദിച്ച് നിരവധി കോണ്‍ഗ്രസുകാരാണ് വിളിച്ചതെന്നും ഖുശ്ബു പറഞ്ഞു.

Exit mobile version