പഞ്ചാബ് ആരോഗ്യമന്ത്രിക്ക് കോവിഡ്; രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടിരുന്നു, മന്ത്രിയുമായി ബന്ധംപുലര്‍ത്തിയവരെ കണ്ടെത്താന്‍ ശ്രമം

ചണ്ഡീഗഢ്: പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിങ് സിദ്ധുവിന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഒരു പരിപാടിക്കിടെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി ഇദ്ദേഹം വേദിപങ്കിട്ടിരുന്നു. ഇന്ന് വൈകുന്നേരമാണ് ബല്‍ബീര്‍ സിങിന്റെ പരിശോധനാഫലം പുറത്തുവന്നത്.

കാര്‍ഷിക നിയമത്തിനെതിരെ ഒക്ടോബര്‍ അഞ്ചിന് പഞ്ചാബില്‍ നടന്ന റാലിയിലാണ് രാഹുല്‍ ഗാന്ധിയുമായി ഇദ്ദേഹം വേദിപങ്കിട്ടത്. രാഹുലിനെ കൂടാതെ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പഞ്ചാബ് പി.സി.സി. അധ്യക്ഷന്‍ സുനില്‍ ഝക്കര്‍, ഉത്തരാഖണ്ഡ് മുന്മുഖ്യമന്ത്രി ഹരീഷ് റാവത്ത്, പഞ്ചാബിലെ മന്ത്രിമാരായ വിജയീന്ദര്‍ സിംഗ്ല, റാണ ഗുര്‍മീത് സിങ് സോധി തുടങ്ങി നിരവധി നേതാക്കളുമായും ബല്‍ബീര്‍ സിങ് സിദ്ധു വേദി പങ്കിട്ടിരുന്നു.

ബല്‍ബീര്‍ സിങ്ങിന് തിങ്കളാഴ്ച രാത്രി ക്ഷീണം അനുഭവപ്പെട്ടിരുന്നതായും ഇന്നു രാവിലെ ചെറിയ പനിയും തൊണ്ട വേദനയും അനുഭവപ്പെടുകയായിരുന്നുവെന്നും ഡോ. രാജേഷ് ഭാസ്‌കര്‍ അറിയിച്ചു. ഇന്നലെ രാത്രി തന്നെ അദ്ദേഹത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചിരുന്നു.

ഇന്നു വൈകുന്നേരമാണ് പരിശോധനാഫലം വന്നതും കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചതും. അദ്ദേഹം ഹോം ഐസൊലോഷനിലാണെന്നും പഞ്ചാബ് കോവിഡ് നോഡല്‍ ഓഫീസര്‍ ഡോ. രാജേഷ് ഭാസ്‌കര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. മന്ത്രിയുമായി ബന്ധംപുലര്‍ത്തിയവരെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായും അദ്ദേഹത്തിനൊപ്പം 15 മിനുട്ടില്‍ അധികം സമയം ചെലവഴിച്ചവരെ കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നും രാജേഷ് ഭാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version